ഒടുവിൽ വേടന് ആശ്വാസം, ജയിലിലേക്കില്ല; പുലിപ്പല്ല് മാല കേസിൽ കോടതി ജാമ്യം നൽകി

കൊച്ചി: പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട കേസിൽ റാപ്പർ വേടന് (ഹിരൺദാസ് മുരളി) പെരുമ്പാവൂർ കോടതി ജാമ്യം അനുവദിച്ചു. ജാമ്യ വ്യവസ്ഥകൾ വ്യക്തമായിട്ടില്ല. അന്വേഷണവുമായി വേടൻ പൂർണമായി സഹകരിക്കുന്നുണ്ടെന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാട് ജാമ്യം ലഭിക്കുന്നതിൽ നിർണായകമായി. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. യഥാർത്ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്ന വേടൻ്റെ മൊഴി കോടതി വിശ്വാസത്തിലെടുത്തില്ല. തനിക്ക് സമ്മാനമായി കിട്ടിയതായിരുന്നു അത്, പുലിപ്പല്ല് എന്ന് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കിൽ വാങ്ങില്ലായിരുന്നു, നാളെ ആർക്കും ഈ അവസ്ഥ നേരിട്ടേക്കാം, പുലിപ്പല്ല് എന്ന് പറയുന്നതല്ലാതെ ഒരു ശാസ്ത്രീയ പരിശോധനയും നടത്തിയിട്ടില്ല, ഏത് അന്വേഷണവുമായും സഹകരിക്കാം, ഏത് വ്യവസ്ഥയും അംഗീകരിക്കാമെന്നും വേടൻ്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ജാമ്യാപേക്ഷയെ എതിർത്താണ് കോടതിയിൽ വനം വകുപ്പ് നിലപാടെടുത്തത്. പ്രതി വേടൻ രാജ്യം വിട്ടു പോയേക്കുമെന്നും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പറഞ്ഞ വനം വകുപ്പ് ജാമ്യം നൽകരുതെന്നും നിലപാടെടുത്തു. സമ്മാനം തന്ന ആളെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അയാളെ ഇനി കണ്ടാൽ തിരിച്ചറിയുമോ എന്നു പോലും തനിക്കറിയില്ലെന്നും വേടൻ കോടതിയിൽ പറഞ്ഞു. ആളെ കണ്ടെത്താൻ എവിടെ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒപ്പം പോകാനും താൻ തയാറാണെന്നും ജാമ്യം ആവശ്യപ്പെട്ട് അദ്ദേഹം വ്യക്തമാക്കി. വേടനുമായി തെളിവെടുപ്പ് ഇന്ന് രാവിലെ വനം വകുപ്പ് പൂർത്തിയാക്കിയിരുന്നു. രാവിലെ കോടനാട് നിന്ന് വേടനെ തൃശ്ശൂരിൽ പുലിപ്പല്ല് രൂപമാറ്റം വരുത്തിയ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പിന്നീട് തിരൂരിലുള്ള വേടന്റെ വീട്ടിലും വനം വകുപ്പ് സംഘം എത്തി. വേടന് പുലിപ്പല്ല് കൈമാറിയ ശ്രീലങ്കൻ വംശജനായ പ്രവാസി രഞ്ജിത്ത് കുമ്പിടിയെ ബന്ധപ്പെടാൻ ഇനിയും വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. പുലിപ്പല്ല് മാലയുടെ ഉറവിടത്തിൽ വ്യക്തത തേടി വേടൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എട്ടുമാസം മുമ്പാണ് സുഹൃത്ത് പുലിപ്പല്ല് വെള്ളി കെട്ടിക്കാൻ തനിക്ക് കൈമാറിയതെന്നും ഇത് പുലിപ്പലാണെന്ന് അറിയില്ലെന്നുമായിരുന്നു ജ്വല്ലറി ഉടമ സന്തോഷ് പറഞ്ഞത്.
