സൂക്ഷിക്കുക:13 മുതൽ 65 വയസു വരെയുള്ളവർക്ക് പ്രധാനമന്ത്രി ധൻ ജൻ യോജന വഴി രണ്ട് ലക്ഷം രൂപ വരെ’, ലിങ്ക് ക്ലിക്ക് ചെയ്താൽ പണി കിട്ടും


ന്യൂഡൽഹി:
പ്രധാനമന്ത്രി ജൻ ധൻ യോജനയിലൂടെ രണ്ട് ലക്ഷം വരെ ധനസഹായം ലഭിക്കുമെന്ന് പറഞ്ഞുകൊണ്ട് പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് കേന്ദ്ര സർക്കാർ. വാട്സ്ആപ്പ് സന്ദേശത്തിനൊപ്പമുള്ള ലിങ്ക് ക്ലിക്ക് ചെയ്യരുതെന്ന് കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ പിഐബിയുടെ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു.

പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതി വഴി 13 വയസു മുതൽ 65 വയസു വരെ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് അവരുടെ പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ 50,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും എന്നായിരുന്നു സന്ദേശം. ഇതിനായുള്ള ഓൺലൈൻ അപേക്ഷകൾ ആരംഭിച്ചുകഴിഞ്ഞെന്നും സന്ദേശത്തിൽ പറയുന്നു. പദ്ധതിയിൽ അപേക്ഷിക്കാനായാണ് വ്യാജ ലിങ്ക് നൽകിയിരിക്കുന്നത്. എന്നാൽ ഈ വെബ്‌സൈറ്റ് ലിങ്കുകൾക്ക് കേന്ദ്ര സർക്കാരുമായി യാതൊരു ബന്ധവുമില്ലെന്നാണ് പിഐബി വ്യക്തമാക്കുന്നത്. ഇത്തരം വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ നിങ്ങളുടെ വ്യക്തിഗത-ബാങ്ക് വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ജൻ ധൻ യോജന വഴി പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ നേരിട്ടുള്ള സാമ്പത്തിക സഹായമോ പണമായുള്ള ഗ്രാന്റോ സർക്കാർ നൽകുന്നില്ലെന്ന് പിഐബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. ജൻ ധൻ യോജന പദ്ധതിക്ക് കീഴിൽ അക്കൗണ്ട് ആരംഭിക്കുന്നവർക്ക് സൗജന്യമായി റുപേ ഡെബിറ്റ് കാർഡ് ലഭിക്കും. ഈ കാർഡിന്മേൽ നിബന്ധനകൾക്ക് വിധേയമായി രണ്ട് ലക്ഷം വരെയുള്ള സൗജന്യ അപകട ഇൻഷുറൻസ് പരിരക്ഷ മാത്രമാണ് ലഭിക്കുന്നത്. ഈ ഇൻഷുറൻസ് ആനുകൂല്യത്തെ നേരിട്ടുള്ള ധനസഹായമായി തെറ്റിദ്ധരിക്കരുതെന്നും പിഐബി അറിയിച്ചു. ജൻ ധൻ പദ്ധതിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അറിയാൻ കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് pmjdy.gov.in മാത്രം സന്ദർശിക്കുക. വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നും അവ മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കരുതെന്നും പിഐബി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button