സ്കൂളിൽ മലമൂത്ര വിസർജ്ജനം നടത്തി ഹെഡ്മാസ്റ്റർ; വൃത്തിയാക്കാൻ വിദ്യാർഥികൾ
മൈഹർ: മദ്യലഹരിയിൽ സ്കൂൾ വളപ്പിൽ വിസർജ്ജനം നടത്തുകയും ആ വൃത്തികേട് കുട്ടികളെക്കൊണ്ട് തന്നെ വൃത്തിയാക്കിക്കുകയും ചെയ്തതായി ഹെഡ്മാസ്റ്റർക്കെതിരെ ഗുരുതര ആരോപണം. മധ്യപ്രദേശിലെ മൈഹർ ജില്ലയിലെ അമൂർ പ്രൈമറി സ്കൂളിലെ ഹെഡ്മാസ്റ്ററായ കൊൽ എന്ന അധ്യാപകനെതിരെയാണ് വിദ്യാർഥികളും മാതാപിതാക്കളും രംഗത്തെത്തിയിരിക്കുന്നത്. ‘സർ മദ്യപിച്ചാണ് വരുന്നത്. സ്കൂളിനുള്ളിൽ വിസർജ്ജനം നടത്തിയ ശേഷം അത് വൃത്തിയാക്കാൻ ഞങ്ങളെ നിർബന്ധിക്കുന്നു. കൂടാതെ ഗുട്ക കഴിച്ച് സ്കൂൾ മുഴുവൻ തുപ്പി നശിപ്പിച്ചിരിക്കുകയാണ്’-ഒരു വിദ്യാർഥി പറഞ്ഞു. മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു ചെറിയ കുട്ടിയും തനിക്ക് നേരിടേണ്ടിവന്ന ക്രൂരത തുറന്നുപറഞ്ഞു. ‘സർ എന്നെക്കൊണ്ട് വിസർജ്ജനം വാരിപ്പിച്ചു, എന്നെ അസഭ്യം പറഞ്ഞു. അദ്ദേഹം മദ്യപിച്ചാണ് വരുന്നത്, ഗുണനിലവാരമുള്ള ക്ലാസുകളോ ഗുണിതപ്പട്ടികയോ പഠിപ്പിക്കാൻ പോലും അദ്ദേഹത്തിന് കഴിയുന്നില്ല’- കുട്ടി വ്യക്തമാക്കി. ഗ്രാമവാസികളുടെയും മാതാപിതാക്കളുടെയും മൊഴികൾ പ്രകാരം ഹെഡ്മാസ്റ്റർ സ്കൂളിൽ വരുന്നത് വളരെ വൈകിയാണ്. ചില ദിവസങ്ങളിൽ ഉച്ചയോടുകൂടി മാത്രമാണ് അദ്ദേഹം എത്തുന്നത്. ഈ സമയത്ത് കുട്ടികൾക്ക് യാതൊരുവിധ നിർദ്ദേശങ്ങളും ലഭിക്കാതെ സ്കൂളിൽ അലഞ്ഞുതിരിയേണ്ടി വരുന്നു. പതിവായി ക്ലാസുകൾ നടക്കാറില്ലെന്നും ഉച്ചഭക്ഷണ വിതരണം താറുമാറായെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. ‘ഈ അധ്യാപകന് കൃത്യമായ സമയക്രമമില്ല. എത്തുമ്പോൾ ഗുട്ക ചവച്ച് എല്ലായിടത്തും തുപ്പും. മദ്യപിച്ച് ആരോടും സംസാരിക്കാൻ പോലും വയ്യാത്ത അവസ്ഥയിലാണ്. സ്കൂളിനെ അദ്ദേഹം ഒരു കക്കൂസ് പോലെയാണ് കാണുന്നത്. എവിടെ തോന്നുന്നുവോ അവിടെ മലമൂത്ര വിസർജ്ജനം നടത്തുകയും അത് കുട്ടികളെക്കൊണ്ട് വൃത്തിയാക്കുകയും ചെയ്യുന്നു. എന്റെ കുട്ടി മാത്രമല്ല, മറ്റ് കുട്ടികളോടും അദ്ദേഹം ഇതുതന്നെയാണ് ചെയ്യുന്നത്’-ഒരു രക്ഷിതാവായ രാധ ദ്വിവേദി പറഞ്ഞു. ഹെഡ്മാസ്റ്റർ മദ്യലഹരിയിൽ ഇരിക്കുമ്പോൾ കുട്ടികൾ വെറുതെ ചുറ്റും നടക്കുകയാണെന്നും വിസർജ്ജനം നടത്തിയ ശേഷം അത് കുട്ടികളെക്കൊണ്ട് തന്നെ വൃത്തിയാക്കിക്കുകയാണെന്നും മറ്റൊരു രക്ഷിതാവ് പറഞ്ഞു. കുട്ടികൾക്ക് ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ലെന്നും അവിടെ കാര്യങ്ങൾ നോക്കാൻ ആരുമില്ലെന്നും വേറൊരു രക്ഷിതാവായ രൂക്മിണി ബുങ്കറും ആരോപിച്ചു. സ്കൂളിൽ പരിശോധനക്കായി എത്തിയ മാധ്യമപ്രവർത്തകർ കണ്ടത് ടാബ്ലറ്റിൽ യൂട്യൂബ് വീഡിയോകൾ കണ്ട് സമയം കളയുന്ന ഹെഡ്മാസ്റ്ററെയാണ്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അദ്ദേഹം പൂർണ്ണമായും നിഷേധിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബ്ലോക്ക് എജ്യുക്കേഷൻ ഓഫിസർ (ബി.ഇ.ഒ) രാജേഷ് ദ്വിവേദി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ക്ലസ്റ്റർ പ്രിൻസിപ്പൽ വഴി ബന്ധപ്പെട്ട അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും, ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ ജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് (ഡി.ഇ.ഒ) അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.




