ദുരൂഹതകളുള്ള വിദേശ പൗര’; സോണിയ ഗാന്ധിക്കെതിരായ പരാമര്‍ശത്തിൽ കങ്കണക്കെതിരെ കേസ്
‘
ഷിംല: ഗാന്ധി കുടുംബത്തിനെതിരായ സോഷ്യൽമീഡിയ പോസ്റ്റുകളിൽ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ കേസ്. ഹിമാചൽപ്രദേശ് പൊലീസാണ് കേസെടുത്തത്. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, രാജീവിന്റെ സഹോദരൻ സഞ്ജയ് ഗാന്ധി എന്നിവരുടെ മരണത്തെക്കുറിച്ച് കങ്കണയുടെ പോസ്റ്റുകളിൽ പ്രകോപനപരമായ പരാമർശങ്ങൾ ഉണ്ടെന്ന് ആരോപിച്ച് ഷിംല സ്വദേശിയായ അതുൽ ശർമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ഫയൽ ചെയ്തത്.വെള്ളിയാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഷിംല പൊലീസ് സൂപ്രണ്ട് ഗൗരവ് സിംഗ് സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് വ്യക്തമാക്കി.ചൊവ്വാഴ്ചയാണ് കങ്കണയുടെ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. സോണിയാ ഗാന്ധിയുടെ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന ഓർമക്കുറിപ്പ് പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കങ്കണയുടെ പ്രതികരണം. നെഹ്റു-ഗാന്ധി കുടുംബത്തിലേക്ക് ഒരു വിദേശ വനിത കടന്നുവന്നത് ദുരൂഹമാണെന്നും ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണം യാദൃച്ഛികമല്ലെന്നും അനന്തരാവകാശികൾ ഇല്ലാതായതോടെ അധികാരം സോണിയാ ഗാന്ധിയിലേക്ക് എത്തിയെന്നും കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആരോപിച്ചു. ‘എത്ര സൗകര്യപ്രദം’ എന്ന പരാമർശത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. സഞ്ജയ് ഗാന്ധിയുടെ മരണശേഷം മേനക ഗാന്ധിയെയും മകനെയും കുടുംബവീട്ടിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ചും കങ്കണ പരാമര്‍ശിച്ചിരുന്നു.രാഷ്ട്രീയ വിമർശനത്തിനപ്പുറം പ്രകോപനപരമായ കാര്യങ്ങൾ പ്രചരിപ്പിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണ് പോസ്റ്റുകളെന്ന് ശർമ ആരോപിച്ചു. സാമുദായിക, ദേശീയ ഐക്യത്തിന് തുരങ്കം വയ്ക്കുന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പോസ്റ്റുകൾ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു.





