കൊളത്തൂരിൽ യുവാവിനെ കാറിടിച്ച് വീഴ്ത്തിയ കേസിൽ നാലുപേർ പിടിയിൽ


കൊളത്തൂര്‍: യുവാവിനെ കാറിടിച്ച് വീഴ്ത്തിയ കേസിൽ നാലുപേർ പൊലീസ് പിടിയിൽ. പടിഞ്ഞാറേകുളമ്പ് സ്വദേശി ചെങ്കുണ്ടന്‍ അബ്ദുൽ ഹക്കീം (32), പാങ്ങ് ചേണ്ടി പാറയില്‍ നിസാമുദ്ദീന്‍ (36), ഇവർക്ക് ഒളിവിൽ താമസിക്കാൻ സഹായം ചെയ്ത സഫ്വാൻ, വാഹിദ് എന്നിവരെയാണ് ജില്ല പൊലിസ് മേധാവി ആര്. വിശ്വനാഥിന്റെ നിർദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈ.സ്.പി എ. പ്രേംജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. കൊളത്തൂരിൽ പുതുതായി ആരംഭിച്ച ഹോട്ടലിൽ അബ്ദുൽ ഹക്കീമും സുഹൃത്ത് നിസാമുദ്ദീനും ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകിയതിനെ തുടർന്ന് മദ്യലഹരിയിലായിരുന്ന ഇവർ ഹോട്ടൽ ജീവനക്കാരുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ഈ സമയം സംഭവത്തിലിടപെട്ട മറ്റൊരു യുവാവിനെ അബ്ദുൽ ഹക്കീം മർദിച്ച് പരിക്കേൽപ്പിച്ചു. മർദനമേറ്റ യുവാവിന്റെ ബന്ധുവും സുഹൃത്തും ഹക്കീമുമായി കൊളത്തൂർ കുറുപ്പത്താൽ ബസ് സ്റ്റാൻഡിൽ വാക്കുതർക്കവും അടിപിടിയുമുണ്ടായി. തുടർന്ന് അബ്ദുൽ ഹക്കീം തന്റെ കാറിൽ കയറി അതിവേഗതയിൽ ഓടിച്ച് പോവുകയും തിരിച്ചുവന്ന് മർദനമേറ്റവരെ രണ്ടുതവണ ഇടിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കും പരിക്കേറ്റിരുന്നു. സംഭവശേഷം വയനാട്ടിലേക്ക് രക്ഷപ്പെട്ട പ്രതികളെ മീനങ്ങാടിയിലെ ഒളിത്താവളത്തില്‍നിന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചയാണ് പിടികൂടിയത്. ഹക്കീമിന്റെ പേരില്‍ കൊളത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ നിരവധി മണൽക്കടത്ത് കേസുകളുണ്ട്. നിസാമുദ്ദീൻ മേലാറ്റൂർ പൊലീസ് സ്റ്റേഷനിൽ 2021 ൽ രജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയാണ്.