
ചെന്നൈ: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. തിരുവള്ളൂര്‍ പൊന്നേരി സ്വദേശിനി ലോകേശ്വരിയാണ് ആത്മഹത്യ ചെയ്തത്. തിങ്കാഴ്ച രാത്രിയോടെ ലോകേശ്വരിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോകേശ്വരിയുടെ വീട്ടുകാരോട് 10 പവൻ സ്ത്രീധനം വേണമെന്ന് ഭർത്താവും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. അത്രയും നൽകാനുള്ള സാമ്പത്തികസ്ഥിതി ഇല്ലെന്ന് അറിയിച്ചപ്പോൾ അഞ്ച് പവൻ ആവശ്യപ്പെട്ടു. എന്നാൽ നാലു പവനാണ് നൽകിയത്. ബാക്കി ഒരു പവന്‍ സ്വര്‍ണം ഉടന്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭർത്താവിന്‍റെ വീട്ടുകാര്‍ ലോകേശ്വരിയെ പീഡിപ്പിച്ചത്. സ്വർണത്തിന് പുറമേ വസ്ത്രങ്ങളും ബൈക്കും സ്ത്രീധനമായി നൽകിയിരുന്നു. ബാക്കിയുള്ള ഒരു പവന് പുറമെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് എ.സി കൂടി വാങ്ങണമെന്ന് പറഞ്ഞ് തന്നെ ഉപദ്രവിച്ചതായി ലോകേശ്വരി മാതാപിതാക്കളോട് പറഞ്ഞിരുന്നു. അടുത്ത ദിവസമാണ് ലോകേശ്വരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ജൂൺ 27നാണ് ലോകേശ്വരി വിവാഹിതയായത്. കട്ടാവൂര്‍ സ്വദേശിയായ പനീര്‍ ആണ് ലോകേശ്വരിയുടെ ഭര്‍ത്താവ്. സ്വകാര്യ കമ്പനി ജീവനക്കാരനാണ് പനീര്‍. മുമ്പ് തിരുപ്പൂരിൽ നിന്നും സമാനമായ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തുകയായിരുന്നു. തിരുപ്പൂർ അവിനാശിയിലെ കൈത്തിപുദൂർ സ്വദേശി അണ്ണാദുരൈ-ജയസുധ ദമ്പതികളുടെ മകൾ റിഥന്യയാണ് ആത്മഹത്യ ചെയ്തത്. സ്ത്രീധനമായി 500 പവനാണ് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടത്. 300 പവൻ ആഭരണങ്ങളും 70 ലക്ഷം രൂപയുടെ കാറും നൽകി വിവാഹം നടന്നു. പത്തു ദിവസത്തിനകം ബാക്കി 200 പവൻ നൽകണമെന്നാവശ്യപ്പെട്ട് ഭർത്താവ് കവിൻകുമാറും മാതാപിതാക്കളും നിരന്തര പീഡനം തുടങ്ങി. റിഥന്യ മാതാപിതാക്കളെ അറിയിച്ചപ്പോൾ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അവർ ആശ്വസിപ്പിച്ചു. എന്നാൽ, പീഡനം തുടർന്നു. ആത്മഹത്യക്കു മുമ്പ് റിഥന്യ പിതാവിനയച്ച വാട്സ്ആപ് ഓഡിയോ സന്ദേശത്തിൽ ഭർത്താവും വീട്ടുകാരും ആഭരണങ്ങൾ ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായി പറഞ്ഞിരുന്നു. ഇനി ജീവിക്കാനാകില്ലെന്നും മരണത്തിന് കവിൻകുമാർ, ഈശ്വരമൂർത്തി, ചിത്രാദേവി എന്നിവരാണ് ഉത്തരവാദികളെന്നും സന്ദേശത്തിലുണ്ടായിരുന്നു. മരണത്തെതുടർന്ന് നാട്ടുകാരും ബന്ധുക്കളും കവിൻ കുമാറിനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരുപ്പൂർ നഗരത്തിൽ റോഡ് ഉപരോധിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
