തൃശൂർ മെഡിക്കൽ കോളജിൽ ഡോക്ടർക്ക് പാമ്പ് കടിയേറ്റു
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർക്ക് പാമ്പ് കടിയേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയക്കാണ് പാമ്പ് കടിയേറ്റത്. കാലിലാണ് പാമ്പ് കടിച്ചത്.കാറിൽനിന്ന് ഇറങ്ങുമ്പോൾ പാർക്കിങ്ങിൽവെച്ചാണ് കടിയേറ്റതെന്നാണ് വിവരം. കാലിന്റെ പിറകുവശത്താണ് കടിയേറ്റത്. പാമ്പുകടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഡോക്ടറെ അടിയന്തിര ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണ വാർഡിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.





