Kerala
കണിമംഗലത്ത് ഗ്യാസ് സിലിണ്ടർ ചോർന്ന് തട്ടുകടക്ക് തീപിടിച്ചു

തൃശൂർ: കണിമംഗലം പാലത്തിന് സമീപമുള്ള തട്ടുകടയിൽ പാചകവാതക സിലിണ്ടർ ചോർന്നതിനെ തുടർന്ന് തീപിടിച്ചു. വെള്ളിയാഴ്ച (ഇന്നലെ ) വൈകീട്ട് 7.30 ഓടുകൂടിയായിരുന്നു അപകടം. ഔദ്യോഗിക ആവശ്യത്തിനായി കണിമംഗലം പാലം വഴി യാത്ര ചെയ്യുകയായിരുന്ന റവന്യൂ മന്ത്രി കെ. രാജൻ അടിയന്തരമായി സംഭവസ്ഥലത്ത് എത്തുകയും അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ തീ പടർന്നു പിടിക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ക്രിയാത്മകമായി ഏകോപിപ്പിക്കുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങൾ തീപിടിത്തത്തിന് കാരണമായ ഗ്യാസ് സിലിണ്ടർ സുരക്ഷിതമായി പുറത്തെത്തിച്ച് അപകടം ഒഴിവാക്കി. ആളപായമില്ല.
