ലോക ഇലവനിൽ ഹാരി കെയ്നില്ല; റെക്കോർഡുമായി മെസ്സി
2026ലെ ഫിഫ്പ്രോ ലോക ഇലവൻ പ്രഖ്യാപിച്ചു. ഫുട്ബോൾ താരങ്ങൾ തന്നെ വോട്ട് ചെയ്ത് തെരഞ്ഞെടുക്കുന്ന പുരസ്കാരത്തിൽ അപ്രതീക്ഷിത തിരിച്ചുവരവുമായി ലയണൽ മെസിയും ചരിത്ര നേട്ടവുമായി ലൂസി ബ്രോൺസും ശ്രദ്ധ നേടി. 75 രാജ്യങ്ങളിൽ നിന്നുള്ള 26,317 പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളാണ് ലോക ഇലവനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പങ്കെടുത്തത്. അതേസമയം, ബാലൻ ഡി ഓർ ജേതാവ് ഹാരി കെയ്ൻ ടീമിൽ ഇടം നേടിയില്ല.2023ന് ശേഷം ആദ്യമായാണ് ലയണൽ മെസി ഫിഫ്പ്രോ ലോക ഇലവനിൽ തിരിച്ചെത്തുന്നത്. ഇതോടെ ലോക ഇലവനിൽ ഇടം നേടുന്ന താരമെന്ന നിലയിലുള്ള തന്റെ റെക്കോർഡ് 18 ആയി ഉയർത്താനും അർജന്റൈൻ ഇതിഹാസത്തിന് സാധിച്ചു. കഴിഞ്ഞ വർഷവും ലോക ഇലവനിൽ ഇടം നേടിയ ലാമിൻ യമാൽ ഇത്തവണയും ടീമിൽ ഇടംപിടിച്ചു. ഇതോടെ 20 വയസ്സ് തികയുന്നതിന് മുമ്പ് രണ്ട് തവണ ലോക ഇലവനിൽ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമെന്ന നേട്ടവും യമാൽ സ്വന്തമാക്കി.വനിതാ വിഭാഗത്തിൽ ഇംഗ്ലീഷ് താരം ലൂസി ബ്രോൺസാണ് ചരിത്രം കുറിച്ചത്. ഒമ്പതാം തവണയാണ് ബ്രോൺസ് ഫിഫ്പ്രോ വനിതാ ലോക ഇലവനിൽ ഇടം നേടുന്നത്. ഇതോടെ വനിതാ ലോക ഇലവനിൽ ഏറ്റവും കൂടുതൽ തവണ തെരഞ്ഞെടുക്കപ്പെടുന്ന താരമെന്ന റെക്കോർഡും ബ്രോൺസിന് സ്വന്തമായി.2026 ലോകകപ്പ് ജേതാക്കളായ സ്പെയിനിന്റെ ആധിപത്യവും പുരുഷ ലോക ഇലവനിൽ പ്രകടമാണ്. ഡേവിഡ് റയ, പൗ കുബാർസി, റോഡ്രി എന്നിവരും യമാലിനൊപ്പം ടീമിൽ ഇടംപിടിച്ചു. ഇതോടെ ലോക ഇലവനിലെ സ്പാനിഷ് താരങ്ങളുടെ ആകെ സാന്നിധ്യത്തിലും റെക്കോർഡ് നേട്ടമുണ്ടായി.മറ്റ് പ്രധാന ഫുട്ബോൾ പുരസ്കാരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഫിഫ്പ്രോ ലോക ഇലവന്റെ പ്രത്യേകത താരങ്ങൾ തന്നെ വോട്ട് ചെയ്ത് മികച്ചവരെ തെരഞ്ഞെടുക്കുന്നു എന്നതാണ്. ബാലൺ ഡി ഓർ പോലുള്ള പുരസ്കാരങ്ങളിൽ മാധ്യമപ്രവർത്തകരുടെ വോട്ടുകൾ നിർണായകമാകുമ്പോൾ, ലോക ഇലവനിൽ പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളുടെ വിലയിരുത്തലിനാണ് മുൻഗണന.2025 ഓഗസ്റ്റ് നാലു മുതൽ 2026 ജൂലൈ 19ന് നടന്ന ലോകകപ്പ് ഫൈനൽ വരെയുള്ള കാലയളവിലെ പ്രകടനങ്ങളാണ് വോട്ടെടുപ്പിനായി പരിഗണിച്ചത്. ഗോൾകീപ്പർ, പ്രതിരോധനിര, മധ്യനിര, മുന്നേറ്റനിര എന്നീ വിഭാഗങ്ങളിലെ മികച്ച താരങ്ങളെയാണ് വോട്ടർമാർ തെരഞ്ഞെടുത്തത്. ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ വോട്ട് നേടിയ താരങ്ങൾക്കാണ് ടീമിൽ ഇടം ലഭിച്ചത്.എന്നാൽ ഇത്തവണത്തെ ലോക ഇലവനിലെ ഏറ്റവും അപ്രതീക്ഷിതമായ ഒഴിവാക്കൽ ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലീഷ് സൂപ്പർ താരം ഹാരി കെയ്ന്റേതാണ്. ബാലൺ ഡി ഓർ നേടിയിട്ടുള്ള ഒരു താരം 2005ൽ പുരസ്കാരം ആരംഭിച്ചതിന് ശേഷം ആദ്യമായി അതേ വർഷത്തെ ലോക ഇലവനിൽ ഇടം നേടാതെ പോകുന്ന സാഹചര്യമാണിതെന്നാണ് റിപ്പോർട്ടുകൾ. താരങ്ങൾക്കിടയിൽ നിന്ന് ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിൽ കെയ്ന് പുറത്തായത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.





