വിശപ്പിൽ കുറവ്, ഇന്ത്യയിൽ ഇപ്പോഴും 10 കോടി പേർ പട്ടിണിയിൽ; യു.എൻ റിപ്പോർട്ട്
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ പോഷകാഹാരക്കുറവുള്ള ആളുകളുടെ അനുപാതം ഗണ്യമായി കുറഞ്ഞതായി ഐക്യരാഷ്ട്രസഭ (യു.എൻ) പുറത്തിറക്കിയ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2004-06 കാലയളവിൽ 21.1 ശതമാനമായിരുന്ന ഈ നിരക്ക് 2023-25 കാലയളവിൽ 9.8 ശതമാനമായി കുറഞ്ഞു. ഇതോടെ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം ഏകദേശം 24.39 കോടിയിൽ നിന്ന് 14.25 കോടിയായി കുറഞ്ഞതായി പുതിയ റിപ്പോർട്ടിൽ പറയുന്നു.എന്നാൽ ഇത്രയും പുരോഗതിക്കിടയിലും രാജ്യത്ത് ഇപ്പോഴും ഏകദേശം 10 കോടി പേർ പട്ടിണി അനുഭവിക്കുന്നുവെന്നത് ആശങ്കാജനകമാണ്. വിശപ്പ് മാത്രമല്ല, ആരോഗ്യകരമായ ഭക്ഷണം വാങ്ങാൻ കഴിയാത്തവരുടെ എണ്ണവും വലിയ വെല്ലുവിളിയായി തുടരുകയാണ്.യു.എന്നിന്റെ ഭക്ഷ്യ-കാർഷിക സംഘടനയായ (FAO) പുറത്തിറക്കിയ ‘സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രീഷൻ ഇൻ ദ വേൾഡ് 2026’ റിപ്പോർട്ട് പ്രകാരം, 2025-ൽ ഇന്ത്യയിലെ 52.01 കോടി പേർ (ജനസംഖ്യയുടെ 35.5 ശതമാനം) ആരോഗ്യകരമായ ഭക്ഷണക്രമം താങ്ങാനാകാത്ത അവസ്ഥയിലായിരുന്നു. 2017-ൽ ഇത് 59.8 ശതമാനമായിരുന്നു. അതായത്, പുരോഗതി ഉണ്ടായിട്ടും രാജ്യത്തെ മൂന്നിൽ ഒരാൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം സ്ഥിരമായി വാങ്ങാൻ കഴിയുന്നില്ല. കലോറി ലഭിക്കുന്നുണ്ടെങ്കിലും ആവശ്യമായ പോഷകങ്ങൾ ലഭിക്കാത്ത അവസ്ഥയാണ് പലർക്കും.2017 മുതൽ ഇന്ത്യയിൽ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ചെലവ് യഥാർത്ഥ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 48 ശതമാനം വർധിച്ചു. അതേ കാലയളവിൽ അമേരിക്കയിൽ ഇത് ഏകദേശം 32 ശതമാനം മാത്രമാണ് വർധിച്ചത്. 2025-ൽ ഇന്ത്യയിൽ ഒരാൾക്ക് ഒരു ദിവസം പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാൻ പർച്ചേസിംഗ് പവർ പാരിറ്റി (PPP) അടിസ്ഥാനത്തിൽ 4.11 ഡോളർ ചെലവാകുമെന്ന് റിപ്പോർട്ട് പറയുന്നു. ദക്ഷിണേഷ്യയിൽ ഇന്ത്യയുടെ സ്ഥാനംദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ചെലവ് ഏറ്റവും കുറഞ്ഞത് പാകിസ്താനിലാണ് (3.94 ഡോളർ). അതിന് പിന്നാലെയാണ് ഇന്ത്യ (4.11 ഡോളർ). ബംഗ്ലാദേശിൽ 4.59 ഡോളറും, ശ്രീലങ്കയിൽ 5.21 ഡോളറും, ഭൂട്ടാനിൽ 6.17 ഡോളറുമാണ്. ഏഷ്യയിലെ മറ്റ് രാജ്യങ്ങളിൽ, ചൈനയിൽ ഈ ചെലവ് 3.64 ഡോളറാണ്. എന്നാൽ ജപ്പാനിൽ ഇത് 8.27 ഡോളറും, ദക്ഷിണ കൊറിയയിൽ 7.37 ഡോളറുമാണ്. വികസിത രാജ്യങ്ങളായ അമേരിക്കയിൽ 2.86 ഡോളറും, യു.കെയിൽ 2.75 ഡോളറുമാണ്.കുട്ടികളിലെ പോഷകക്കുറവും അമിതവണ്ണവും ആശങ്ക2024-ൽ അഞ്ച് വയസ്സിൽ താഴെയുള്ള ഇന്ത്യൻ കുട്ടികളിൽ 32.9 ശതമാനം പേർ വളർച്ചാമുരടിപ്പ് അനുഭവിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. 2012-ൽ ഇത് 41.7 ശതമാനമായിരുന്നു. ഗുരുതരമായ പോഷകാഹാരക്കുറവിന്റെ സൂചകമായ വേസ്റ്റിംഗ് (Wasting) 18.7 ശതമാനമാണ്. ഇത് ലോകത്തിലെ ഉയർന്ന നിരക്കുകളിൽ ഒന്നാണിത്.അതേസമയം, കുട്ടികളിലെ അമിതവണ്ണവും ഉയരുകയാണ്. 2012-ൽ 2.1 ശതമാനമായിരുന്ന അമിതവണ്ണമുള്ള കുട്ടികളുടെ നിരക്ക് 2024-ൽ 3.7 ശതമാനമായി ഉയർന്നു. മുതിർന്നവരിലെ പൊണ്ണത്തടിയുടെ നിരക്ക് ഇരട്ടിയായപ്പോള്‍, 15 മുതൽ 49 വയസ് വരെയുള്ള സ്ത്രീകളിൽ വിളർച്ച (അനീമിയ) 50.1 ശതമാനത്തിൽ നിന്ന് 53.7 ശതമാനമായി വർധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.





