പരസ്പരം കാണാനാകാതെ തലയോട്ടികൾ ഒട്ടിച്ചേർന്ന ഇരട്ടകളെ വേർപ്പെടുത്തി; അബൂദബിയിൽ മേഴ്സിക്കും, ജെൽസിക്കും പുതുജീവൻ

ദുബൈ: തലയോട്ടികൾ ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച സയാമീസ് ഇരട്ടകൾക്ക് അബൂദബിയിൽ പുതുജീവൻ. ശൈഖ് ഖലീഫാ മെഡിക്കൽ സിറ്റിയിൽ നടന്ന ശസ്ത്രക്രിയയിൽ നൈജീരിയൻ സയാമീസ് ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർ ചേർന്ന് നടത്തിയ തുടരൻ ശസ്ത്രക്രിയക്കും ചികിത്സക്കും ആറുമാസം സമയമെടുത്തു. തലയുടെ പിൻഭാഗം ഒട്ടിച്ചേർന്ന വിധം പരസ്പരം കാണാൻ പോലും കഴിയാത്തവിധമായിരുന്നു ഇവരുടെ ജനനം. പതിനഞ്ച് മാസം പ്രായമുള്ളപ്പോഴാണ് നൈജീരിയയിൽ നിന്ന് മേഴ്സിയേയും, ജെൽസിയെയും അബൂദബിയിൽ എത്തിക്കുന്നത്. അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ യു.എ.ഇ, യു.കെ, ബ്രസീൽ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള 60 ലേറെ വിദഗ്ധർ ചേർന്ന് നടത്തിയ വിവിധ ശസ്ത്രക്രിയകൾക്ക് ഒടുവിലാണ് കുഞ്ഞുങ്ങളെ വിജയകരമായി വേർപ്പെടുത്തിയത്. തലയോട്ടിയും, തലച്ചോറിന്റെ കോശങ്ങളും, രക്തക്കുഴലുകളും പരസ്പരം ചേർന്ന് കിടക്കുന്ന വിധത്തിലായിരുന്നു ഈ കുട്ടികൾ. ഓഗ്മെന്റഡ് റിയാലിറ്റി, ത്രീഡി പ്രിന്റിങ് തുടങ്ങിയ സാങ്കേതിക വിദ്യകളുടെ കൂടി സഹായത്തോടെയാണ് ശസ്ത്രക്രിയ ആസൂത്രണം ചെയ്തത്. ജെമിനി അൺട്വിന്റ്ഡ്, പ്യൂവർ ഹെൽത്ത്, ബൂർജിൽ എന്നിവ നൈജീരിയയിൽ നിന്ന് ഈ ഇരട്ടകളെ അബൂദബിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ കൈകോർത്തു. ആറുമാസത്തിനിടെ നടത്തിയ നാല് ശസ്ത്രക്രിയക്ക് ശേഷമാണ് ഒന്നിച്ചു ജനിച്ച ഈകുരുന്നുകൾക്ക് എഴുന്നേറ്റ് നിൽക്കാനും, പരസ്പരം കാണാനും ചിരിച്ചുകളിക്കാനും അവസരമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button