വരാനിരിക്കുന്നത് സമാനതകളില്ലാത്ത പ്രകൃതിദുരന്തം? സമുദ്രങ്ങൾ തിളച്ചുമറിയും, ധ്രുവങ്ങളിൽ മഞ്ഞുരുക്കവും; മുന്നറിയിപ്പുമായി യുഎൻ
കാലം തെറ്റിയെത്തുന്ന മഴയും അസഹനീയമായ ചൂടും അപ്രതീക്ഷിത പ്രളയങ്ങളും നീണ്ടുനിൽക്കുന്ന വരൾച്ചയും. കാലാവസ്ഥാ വ്യതിയാനം എന്നത് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പുകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലാതായിട്ട് കാലമേറെയായി. മനുഷ്യരുടെ ദൈനംദിന ജീവിതത്തെയും ഉപജീവനത്തെയും ഭക്ഷ്യസുരക്ഷയെയും ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്ന ആഗോള പ്രതിസന്ധിയായി അത് മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ ചൂട് വീണ്ടും റെക്കോർഡ് തലത്തിലേക്ക് ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടനയുടെ പുതിയ റിപ്പോർട്ട് പുറത്തുവരുന്നത്. 2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ആഗോള ശരാശരി ഉപരിതല താപനില വ്യവസായവത്കരണത്തിന് മുമ്പുള്ള കാലഘട്ടത്തെ അപേക്ഷിച്ച് 1.47 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു. 2023 മുതൽ 2026 വരെയുള്ള നാല് വർഷങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയത്. എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനം കൂടി ശക്തമാകുന്നതോടെ ഈ വർഷത്തെ താപനില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും WMO പുറപ്പെടുവിച്ച മുന്നറിയിപ്പിലുണ്ട്. ഭൂമിയിലേക്ക് സൂര്യനിൽനിന്ന് എത്തുന്ന ഊർജവും ഭൂമിയിൽനിന്ന് ബഹിരാകാശത്തേക്ക് തിരികെ പുറത്തുപോകുന്ന ഊർജവും തമ്മിലുള്ള സന്തുലിതാവസ്ഥ തകരുന്നതാണ് ആഗോള താപനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് വർധിക്കുന്നതോടെ ഭൂമിയിൽനിന്ന് പുറത്തേക്ക് പോകേണ്ട ചൂടിന്റെ വലിയൊരു ഭാഗം അന്തരീക്ഷത്തിൽത്തന്നെ തടഞ്ഞുനിൽക്കുന്നു. ഇതോടെ ഭൂമിയുടെ കാലാവസ്ഥാ സംവിധാനത്തിൽ അധികചൂട് അടിഞ്ഞുകൂടുന്നു. ഭൂമിയുടെ ഈ ഊർജ അസന്തുലിതാവസ്ഥ 2025ൽ നിരീക്ഷണം ആരംഭിച്ച 1960നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണെത്തി നിൽക്കുന്നത്. 2026ലെ പ്രാഥമിക കണക്കുകളും പുതിയ റെക്കോർഡിലേക്കാണ് വിരൽചൂണ്ടുന്നത്. ഇതിന്റെ ആഘാതം അന്തരീക്ഷത്തിൽ മാത്രം ഒതുങ്ങുന്നില്ല. അധികമായി അടിഞ്ഞുകൂടുന്ന ചൂടിന്റെ 90 ശതമാനവും സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത്. അതിനാൽ സമുദ്രങ്ങൾ ചൂടുപിടിക്കുന്നത് സമുദ്രജീവികളുടെ ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യത്തെയും ബാധിക്കുന്നതിനൊപ്പം ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ തീവ്രത വർധിപ്പിക്കുകയും ധ്രുവങ്ങളിലെ മഞ്ഞുരുകൽ വേഗത്തിലാക്കുകയും ചെയ്യും. 2026ൽ തുടർച്ചയായ പത്താം വർഷവും സമുദ്രത്തിലെ ചൂട് പുതിയ റെക്കോർഡിലെത്തുമെന്നാണ് WMOയുടെ വിലയിരുത്തൽ. സമുദ്രനിരപ്പും ഉപഗ്രഹ നിരീക്ഷണം ആരംഭിച്ച 1993നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്.അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ സാന്ദ്രതയും ആശങ്കാജനകമായ നിലയിലാണുള്ളത്. 1750ൽ വ്യവസായ വിപ്ലവത്തിന് മുമ്പ് അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് ദശലക്ഷത്തിൽ ഏകദേശം 278 ഭാഗങ്ങൾ ആയിരുന്നു. 2025 ആയപ്പോഴേക്കും ഇത് 426.8 ppm ആയി ഉയർന്നു. അതായത് വ്യവസായവത്കരണത്തിന് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് 53 ശതമാനത്തിന്റെ വർധന. കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ വർധനയാണ് ഭൂമിയുടെ അന്തരീക്ഷത്തിൽ ചൂട് കുടുങ്ങിക്കിടക്കുന്നതിന് പ്രധാന കാരണം. ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗം, വനനശീകരണം, വ്യവസായവത്കരണം തുടങ്ങിയ മനുഷ്യന്‍റെ കൈകടത്തലുകൾ പ്രതിസന്ധിയുടെ ആക്കം കൂട്ടുകയും ചെയ്യുന്നുണ്ട്. 2026ന്റെ തുടക്കത്തിൽ പസഫിക് സമുദ്രത്തിൽ നിലനിന്ന ലാനിന പ്രതിഭാസം ആഗോള താപനിലയിൽ താൽക്കാലികമായ കുറവുണ്ടാക്കാൻ സഹായിച്ചിരുന്നു. എന്നാൽ പിന്നീട് എൽനിനോ പ്രതിഭാസം ശക്തിപ്രാപിച്ചതോടെ സ്ഥിതിഗതികൾ മാറി. സാധാരണയായി പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനില ഉയർത്തുന്ന എൽനിനോ ആഗോള താപനിലയിലും സ്വാധീനം ചെലുത്തുകയാണ് നിലവിൽ. നിലവിലെ എൽനിനോ പ്രതിഭാസം അസാധാരണമായ ശക്തിയാർജിക്കുമെന്നാണ് WMOയുടെ പ്രവചനം. ഇതിന്റെ പ്രത്യാഘാതങ്ങൾ 2027ലും തുടർന്നേക്കാം. കടുത്ത ഉഷ്ണതരംഗങ്ങൾ, വരൾച്ച, അതിശക്തമായ മഴ, ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ തുടങ്ങിയവയുടെ സാധ്യതയും ഇതോടെ വർധിക്കും.ഭൂമിയിലെ താപനില ഉയരുന്നതിന്റെ ഏറ്റവും പ്രകടമായ സൂചനകളിലൊന്നാണ് ധ്രുവപ്രദേശങ്ങളിലെയും ഹിമാനികളിലെയും മഞ്ഞുരുകൽ. ഹിമാനികൾക്ക് വൻതോതിൽ മഞ്ഞിന്റെ അളവ് നഷ്ടമാകുന്നത് ശുദ്ധജലത്തിന്റെ ലഭ്യതയെയും സമുദ്രനിരപ്പിനെയും ബാധിക്കും. പർവതപ്രദേശങ്ങളിലെ ഹിമാനികളുടെ ശോഷണം താഴ്‌വരകളിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജലസുരക്ഷയ്ക്കും ഭീഷണിയാണ്.COP31: ലോകം ഉറ്റുനോക്കുന്ന കാലാവസ്ഥാ ഉച്ചകോടി ഈ സാഹചര്യത്തിലാണ് നവംബർ 9 മുതൽ 20 വരെ തുർക്കിയിലെ അന്റാലിയയിൽ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കൺവെൻഷന്റെ (UNFCCC) 31ാമത് പാർട്ടികളുടെ സമ്മേളനമായ COP31 നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ആഗോള നടപടികൾ, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കൽ, കാലാവസ്ഥാ ദുരന്തങ്ങളെ നേരിടാനുള്ള സാമ്പത്തിക സഹായം, ദുർബല രാജ്യങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ പ്രധാന ചർച്ചയാകും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾക്ക് അപ്പുറം ഫലപ്രദമായ നടപടികളിലേക്ക് ലോകം കടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക, പുനരുപയോഗ ഊർജസ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുക, വനങ്ങൾ സംരക്ഷിക്കുക, കാലാവസ്ഥാ ദുരന്തങ്ങളെ മുൻകൂട്ടി തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ നടപടികൾക്ക് ആഗോളതലത്തിൽ മുൻഗണന നൽകേണ്ടതുണ്ട്. ഭൂമിയുടെ ചൂട് ഇനിയും ഉയരുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ വരുംതലമുറകളുടെ ജീവിതത്തെയും ബാധിക്കും. സമുദ്രങ്ങൾ ചൂടുപിടിക്കുകയും ഹിമാനികൾ ഉരുകുകയും കാലാവസ്ഥാ താളം തെറ്റുകയും ചെയ്യുന്ന ഈ കാലത്ത് മനുഷ്യരാശിക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഭൂമിയെ സംരക്ഷിക്കുക എന്നതാണ്. COP31ൽ നിന്ന് ലോകം പ്രതീക്ഷിക്കുന്നതും വാഗ്ദാനങ്ങൾക്കപ്പുറമുള്ള നിർണായകമായ നടപടികളാണ്.





