Sports
ചൈനയെ തരിപ്പണമാക്കി ഇന്ത്യ ഏഷ്യ കപ്പ് ഹോക്കി ഫൈനലിൽ

രാജ്ഗിർ (ബിഹാർ): ഏഷ്യ കപ്പ് ഹോക്കിയിൽ അപരാജിത മുന്നേറ്റം തുടർന്ന ഇന്ത്യ സൂപ്പർ 4ലെ അവസാന മത്സരത്തിൽ ചൈനയെ തകർത്ത് ഫൈനലിൽ പ്രവേശിച്ചു. മറുപടിയില്ലാത്ത ഏഴ് ഗോളിനായിരുന്നു ജയം. ഞായറാഴ്ചത്തെ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയാണ് എതിരാളികൾ. ഇന്ത്യക്കായി അഭിഷേക് (46, 50) രണ്ടും ശിലാനന്ദ് ലക്ര (4), ദിൽപ്രീത് സിങ് (7), മൻദീപ് സിങ് (18), രാജ്കുമാർ പാൽ (37), സുഖ്ജീത് സിങ് (39) എന്നിവർ ഓരോ ഗോളും നേടി. സൂപ്പർ 4ൽ ഏഴ് പോയന്റുമായി ഒന്നാംസ്ഥാനക്കാരായാണ് ടീം കടന്നത്. അവസാന മത്സരത്തിൽ മലേഷ്യയെ 4-3ന് വീഴ്ത്തി കൊറിയ നാല് പോയന്റോടെ രണ്ടാംസ്ഥാനക്കാരായും ഫൈനലിലെത്തി. ചാമ്പ്യന്മാർ അടുത്ത വർഷം നടക്കുന്ന ലോകകപ്പിന് യോഗ്യത നേടും.
