പൂജാരി രൂക്ഷ ഗന്ധമുള്ള ‘ദിവ്യജലം’ തളിച്ചു, വസ്ത്രത്തിനുള്ളിൽ കയ്യിട്ടു; ഇന്ത്യന്‍ വംശജയായ നടിയുടെ വെളിപ്പെടുത്തൽ

ക്വലാലംപുര്‍: മലേഷ്യയിലെ ക്ഷേത്ര പൂജാരിക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടിയും ടെലിവിഷന്‍ അവതാരകയുമായ ഇന്ത്യന്‍ വംശജ രംഗത്ത്. ലിഷാല്ലിനി കണാരന്‍ എന്ന നടിയാണ് മലേഷ്യയിലെ സെപാങ്ങിലെ മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരി തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് വെളിപ്പെടുത്തിയത്. തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നടി താൻ നേരിട്ട മോശം അനുഭവം പങ്കുവെച്ചത്. അനുഗ്രഹം നല്‍കാനെന്ന വ്യാജേന ഇന്ത്യക്കാരനായ പൂജാരി തന്‍റെ ശരീരത്തിൽ കടന്നുപിടിച്ചെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.
ജൂണ്‍ 21 നാണ് സംഭവം നടക്കുന്നത്. അമ്മ ഇന്ത്യയിലേക്ക് പോയതിനാല്‍ തനിച്ചാണ് മാരിയമ്മന്‍ ക്ഷേത്രത്തിലേക്ക് പോയത്. ക്ഷേത്ര ദർശനത്തിനിടെ പൂജാരി ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന ‘ദിവ്യജലം’ എന്ന വ്യാജേന ഏതോ ദ്രാവകം ശരീരത്തിലേക്ക് തളിച്ചു. പിന്നീട് വസ്ത്രത്തിനുള്ളിൽ കൈയ്യിട്ടുവെന്നാണ് ലിഷാല്ലിനി ഇൻസ്റ്റഗ്രാമിൽ വെളിപ്പെടുത്തിയത്. പൂജാരി സഭ്യമല്ലാത്ത വിധത്തില്‍ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും ഇത് ഒരു അനുഗ്രമാണെന്ന് കരുതാൻ പറഞ്ഞുവെന്നും നടി പറയുന്നു.
എന്നാൽ താൻ ഇതിന് വിസമ്മതിക്കുകയും എതിർക്കുകയും ചെയ്തതോടെ പൂജാരി ദേഷ്യപ്പെടുകയും, വസ്ത്രത്തിനുള്ളിലേക്ക് കൈകടത്തുകയും ശരീരത്തില്‍ ബലമായി പിടിക്കാന്‍ തുടങ്ങുകയും ചെയ്തു. വഴങ്ങിക്കൊടുത്താല്‍ അനുഗ്രഹം ലഭിക്കുമെന്ന് പൂജാരി പറഞ്ഞതായും നടി കൂട്ടിച്ചേര്‍ത്തു. അന്നേരം തനിക്ക് ചലിക്കാനോ ശബ്ദമുയര്‍ത്താനോ സാധിച്ചില്ലെന്നും അതെന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും അവര്‍ പറഞ്ഞു. ക്ഷേത്രത്തിനുള്ളില്‍വെച്ച് നടന്നതുകൊണ്ടായിരിക്കാം തനിക്ക് പ്രതികരിക്കാനാകാത്തതെന്നും യുവതി പറഞ്ഞു.
തനിക്കുണ്ടായ ദുരനുഭവത്തിന്റെ ഞെട്ടലില്‍നിന്ന് പുറത്തു കടക്കാന്‍ ദിവസങ്ങളെടുത്തു. തുടർന്ന് ഈ മാസം നാലാം തീയതി പൊലീസിൽ പരാതി നൽകിയതായും നടി ഇൻസ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. വിവരം അറിഞ്ഞ പൂജാരി നാടുവിട്ടതായാണ് വിവരം. ആരോപണ വിധേയനായ പൂജാരിക്ക് വേണ്ടി മലേഷ്യന്‍ പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരിയുടെ ക്ഷേത്ര പൂജാരിയുടെ അഭാവത്തില്‍ താത്കാലികമായി പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കാനായി എത്തിയ ആളാണ് പ്രതിയെന്നാണ് വിവരം.
