ഇന്ദ്രജിത്ത്-അനശ്വര കോമ്പോ; ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ’ ഒ.ടി.ടിയിലെത്തി

ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ’ ഒ.ടി.ടിയിലെത്തി. മനോരമ മാക്സിലൂടെയാണ് മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ സ്ട്രീം ചെയ്യുന്നത്. ദീപു കരുണാകരൻ സംവിധാനം ചെയ്ത ചിത്രം മേയ് 23 നായിരുന്നു തിയറ്ററുകളിൽ എത്തിയത്. ഡയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. നേരത്തെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളോട് നായികയായ അനശ്വര സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് സംവിധായകൻ രംഗത്തുവന്നത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ദീപു കരുണാകരന്റെ ആരോപണങ്ങളെയെല്ലാം നിഷേധിച്ചുകൊണ്ട് അനശ്വര രാജനും മറുപടിയുമായി എത്തിയിരുന്നു. പിന്നീട് സിനിമാ സംഘടനകളുടെ ഇടപെടലിലൂടെ ഈ പ്രശ്‌നം രമ്യമായി പരിഹരിക്കുകയായിരുന്നു. 2024 ഓഗസ്റ്റ് 23ന് തിയറ്ററുകളിൽ എത്തിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് വിവാദങ്ങൾ കാരണം ചിത്രത്തിന്‍റെ റിലീസ് നീട്ടിവെക്കുകയായിരുന്നു. പൂർണമായും ഒരു റോഡ് മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പ്രദീപ് നായരും എഡിറ്റിങ് സോബിൻ. കെ. സോമനുമാണ്.പശ്ചാത്തല സംഗീതം പി.എസ് ജയഹരിയും കൈകാര്യം ചെയ്യുന്നു. ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് അർജുൻ ടി. സത്യൻ ആണ്. ഹൈലൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ് ചിത്രം നിർമിക്കുന്നത്.
