റെയിൽപ്പാളത്തിൽ അഞ്ചിടത്ത് ഇരുമ്പ് ക്ലിപ്പുകൾ, ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം. ഒറ്റപ്പാലം – ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. റെയിൽപാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. പാളത്തിലെ അഞ്ചിടങ്ങളിലാണ് ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയത്. ഒറ്റപ്പാലം- ലക്കിടി സ്റ്റേഷനുകൾക്കിടയിൽ മായന്നൂർ മേൽപ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയത്. ആർ.പി.എഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി. പാലക്കാട് ഭാഗത്തേക്ക് കടന്നുപോയ മെമുവിലെ ലോക്കോ പൈലറ്റാണ് പാളത്തിൽ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. പിന്നീട് നടത്തിയ പരിശോധയിലാണ് പാളത്തെയും കോൺക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇ.ആർ ക്ലിപ്പുകൾ കണ്ടെത്തിയത്. അപകടസാധ്യതയുണ്ടായിരുന്നുവെന്നാണ് വിലയിരുത്തുന്നത്. സംഭവത്തിൽ ആ൪.പി.എഫും ഒറ്റപ്പാലം പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലം വിജനമായ പ്രദേശമായതിനാൽ ഇതുവരെ പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനായി പ്രദേശത്ത് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുകയാണ് അന്വേഷണ സംഘം.
