ഒന്നര വയസ്സുകാരനെ മർദിച്ചു കൊന്ന കേസ്; 78 പേജുള്ള കുറ്റപത്രം സമർപ്പിച്ചു, ശരീരത്തിൽ 91 മുറിവുകൾ

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരനെ മർദിച്ചു കൊന്ന കേസിൽ നെടുമങ്ങാട് എസ്‌.സി, എസ്.ടി കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. നെടുമങ്ങാട് പനവൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ അർഷിദിനെ ക്രൂരമായി മർദിച്ചു കൊന്നതാണെന്നും ശരീരത്തിൽ 91 മുറിവുകളുണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രൂര മർദനം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് അമ്മ അഖില, പങ്കാളി എ. അഷ്‌കർ എന്നിവർക്കെതിരെ നെടുമങ്ങാട് എസ്‌.സി, എസ്.ടി കോടതിയിൽ 78 പേജുള്ള കുറ്റപത്രം നൽകിയത്. ഒന്നാം പ്രതിയായ അഷ്‌കറിനെതിരെ എസ്‌.സി, എസ്.ടി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മേയ് 29ന് വൈകീട്ടാണ് അവശനിലയിലായ അർഷിദിനെ പനവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എസ്.എ.ടി ആശുപത്രിയിലും അഷ്‌കർ പ്രവേശിപ്പിച്ചത്. എസ്.എ.ടിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ആഹാരം കഴിച്ചശേഷം ഉറങ്ങാൻ കിടന്നപ്പോൾ ചുമക്കുകയും ഛർദിക്കുകയും ചെയ്ത് അവശ നിലയിലായെന്നാണ് അഷ്‌കർ പൊലീസിനു മൊഴി നൽകിയത്. എന്നാൽ, കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിൽ പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തു വന്നത്. കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകൾ തകർന്നതായും ഡോക്ടർമാർ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തലയിലേറ്റ ക്ഷതം തുടർന്നുള്ള നീർക്കെട്ടും ആന്തരിക രക്തസ്രാവവുമായിരുന്നു കുഞ്ഞിന്റെ മരണകാരണം. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചും കാലിൽ തീവച്ച് പൊള്ളിച്ചും നെഞ്ചിൽ ചവിട്ടിയും പീഡിപ്പിച്ചിരുന്നുവെന്ന് അഷ്‌കർ കുറ്റസമ്മതം നടത്തി. കുട്ടി തനിക്ക് ബാധ്യതയാകുമെന്ന് ഭയന്നതിനാൽ തുടർച്ചയായി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു. അമ്മ അഖില നൃത്ത പരിപാടിക്കായി തമിഴ്നാട്ടിലായിരുന്ന സമയത്തായിരുന്നു സംഭവം നടന്നത്. അഷ്‌കർ കുഞ്ഞിനെ മർദിക്കുന്ന വിവരം തനിക്ക് അറിയാമായിരുന്നെന്ന് അമ്മ അഖില ചന്ദ്രനും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. രണ്ടുവർഷം മുമ്പ്, അഖില മൂന്നു മാസം ഗർഭിണിയായിരുന്നപ്പോൾ ഭർത്താവ് എസ്. അഖിൽ ജീവനൊടുക്കിയിരുന്നു. ശേഷം കുഞ്ഞ് ജനിക്കുമ്പോൾ അഖില അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. പിന്നീട് അഖില, ഡ്രൈവറായ അഷ്‌കറിനൊപ്പം വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button