കോഴിക്കോട് ജനറൽ ബീച്ച് ആശുപത്രി; കപ്പിനും ചുണ്ടിനുമിടെ ഫണ്ട് തെറിച്ചു, ചളിക്കുണ്ടിൽനിന്ന് മോചനമില്ല

കോഴിക്കോട്: കപ്പിനും ചുണ്ടിനുമിടയിൽ ഫണ്ട് തെറിച്ചതോടെ കോഴിക്കോട് ജനറൽ (ബീച്ച്) ആശുപത്രി വളപ്പിലെ റോഡ് നവീകരണം വീണ്ടും അനിശ്ചിതത്വത്തിൽ. ഏഴു വർഷത്തിലധികമായി ആശുപത്രി അധികൃതരുടെയും ജനങ്ങളുടെയും പരാതിക്കൊടുവിൽ എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് റോഡ് പുനർനിർമിക്കാനായിരുന്നു തീരുമാനം. എന്നാൽ പദ്ധതി അംഗീകാരത്തിനായി സമർപ്പിച്ചപ്പോൾ കഥ മാറി ഫണ്ട് ആവിയായി. മുഖ്യമന്ത്രിയുടെ നവ കേരള സദസ്സിൽ എം.എൽ.എ തോട്ടത്തിൽ രവീന്ദ്രന് അനുവദിച്ച ഏഴു കോടി രൂപയിൽനിന്നായിരുന്നു റോഡിന് ഫണ്ട് വകയിരുത്തിയത്. അവസാന നിമിഷം ഈ ഫണ്ട് റോഡിന് വിനിയോഗിക്കാൻ കഴിയില്ലെന്ന് എം.എൽ.എ അറിയിച്ചതോടെ റോഡ് നവീകരണം അനിശ്ചിതത്വത്തിലായി. ആശുപത്രിയുടെ ഒ.പി കൗണ്ടറിൽ എത്തണമെങ്കിൽ ഈ റോഡിലെ ചളിയും വെള്ളവും നീന്തണം. റോഡ് ഏതാണെന്ന് തിരിച്ചറിയാത്ത വിധം തകർന്നിരിക്കുകയാണ്. രോഗികൾക്ക് കാൽനടയായോ വാഹനത്തിലൂടെയോ സഞ്ചരിക്കാൻ കഴിയാത്ത വിധം തകർന്നിരിക്കുകയാണ് റോഡ്. നേരത്തെ നിരവധി തവണ ഓട നിറഞ്ഞുകവിഞ്ഞ് ഇവിടെ വെള്ളം പൊങ്ങിയിരുന്നു. ഇ.എൻ.ടി, നേത്രരോഗ വിഭാഗം ഒ.പി, മോർച്ചറി എന്നിവിടങ്ങളിലേക്കുള്ള വഴിയും ഈ റോഡാണ്. നവ കേരള ഫണ്ട് രണ്ട് പദ്ധതികൾക്കായി വിനിയോഗിക്കണമെന്ന് നിർദേശം വന്നതോടെയുള്ള സാങ്കേതിക പ്രശ്നമാണ് റോഡ് നവീകരണം മുടങ്ങാനിടയാക്കിയതെന്ന് എം.എൽ.എ അറിയിച്ചു.ഏഴു കോടിയിൽ നാലരക്കോടി രൂപ കോഴിക്കോട് മെഡിക്കൽ കോളജിനും രണ്ടര കോടി രൂപ കടൽ ക്ഷോഭം രൂക്ഷമായ ഇടങ്ങളിൽ കടൽ ഭിത്തി നിർമിക്കാനും അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. ബീച്ച് ആശുപത്രി റോഡിന് മറ്റേതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബീച്ച് ആശുപത്രി വളപ്പിൽ സാമൂഹിക വിരുദ്ധരുടെ ശല്ല്യത്തിനിടയാക്കുന്ന ഒ.എസ്.ടി ക്ലിനിക്ക് മാറ്റി സ്ഥാപിക്കാനും ഇതുവരെ തീരുമാനമായിട്ടില്ല.
