വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരി റോയൽ ജംഗ്ഷന് സമീപം ബസും സി.എൻ.ജി ഗ്യാസ് ലോറിയും കൂട്ടിയിടിച്ചതിനെ തുടർന്ന് ഗ്യാസ് നിറച്ച ലോറി മറിഞ്ഞ് വൻ പരിഭ്രാന്തി. അപകടത്തിൽ ബസ് ഡ്രൈവർ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ അഭിഷേകിനും സഹായി നഞ്ചട്ട സ്വാമിക്കും ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്. ബസിലുണ്ടായിരുന്ന ഏഴ് യാത്രക്കാർക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ലെന്നാണ് വിവരം.ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. തങ്കം ജംഗ്ഷനിൽ നിന്ന് സർവീസ് റോഡിലൂടെ വന്ന ദീർഘദൂര സർവീസ് ബസും കെ.എസ്.ആർ.ടി.സി ഡിപ്പോ ഭാഗത്തെ അടിപ്പാതയിലൂടെ സർവീസ് റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന സി.എൻ.ജി ഗ്യാസ് ലോറിയുമാണ് റോയൽ ജംഗ്ഷന് സമീപത്ത് കൂട്ടിയിടിച്ചത്.വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം നിറച്ച 40 ഓളം സി.എൻ.ജി സിലിണ്ടറുകളാണ് ലോറിയിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ഗ്യാസ് ഉഗ്രശബ്ദത്തോടെ പുറത്തേക്ക് ചീറ്റിയതോടെ പ്രദേശവാസികൾ ഭീതിയിലായി. ഗ്യാസ് പുറത്തേക്ക് വന്ന സമയത്താണ് ബസ് ഡ്രൈവർക്കും സഹായിക്കും പൊള്ളലേറ്റത്.വിവരമറിഞ്ഞെത്തിയ വടക്കഞ്ചേരി അഗ്‌നിരക്ഷാസേന അതിവേഗം രക്ഷാപ്രവർത്തനം നടത്തി ഗ്യാസ് നിർവീര്യമാക്കിയതോടെയാണ് വലിയ ദുരന്തം ഒഴിവായത്. ഹൈവേ പൊലീസും വടക്കഞ്ചേരി പൊലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button