National

യുവാവിനെ ആക്രമിച്ച് ​മുഖംമൂടി ധരിച്ച ഗുണ്ടകൾ, കാറിൽ നിന്ന് തോക്കുമായി എംഎൽഎ, ചിതറിയോടി അക്രമികൾ

ഭോപ്പാൽ: മുഖംമൂടി ധരിച്ച ​ഗുണ്ടാ സംഘത്തിൽ നിന്ന് യുവാവിനെ രക്ഷിക്കാൻ തോക്കെടുത്ത് ബിജെപി എംഎൽഎ. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ലഹാറിലാണ് സംഭവം. ബിജെപി എംഎൽഎയായ അംബരീഷ് ശർമ്മയാണ് ആക്ഷൻ ഹീറോയായി യുവാവിനെ രക്ഷിച്ചത്.  ഭിന്ദിലെ റാവത്പുര സാനിയിൽ ​ഗുണ്ടകൾ ഒരാളെ കാറിൽ നിന്ന് വലിച്ചിറക്കി വടികൊണ്ട് അടിക്കുന്നത് എംഎൽഎ അംബരീഷ് ശർമയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെട്ട എംഎൽഎ, തോക്ക് പുറത്തെടുത്ത് വാഹനത്തിൽ നിന്നിറങ്ങി. തോക്കുമായി വരുന്ന എംഎൽഎയെ കണ്ടതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു.  ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിനായി ശിവം ദുബെ, സത്യം ഗോസ്വാമി, രാഹുൽ ശർമ്മ, ഹർഷ് ശർമ്മ, വിശ്വവേന്ദ്ര രജാവത് എന്നിവരിൽ നിന്ന് 30 ലക്ഷം രൂപ കടം വാങ്ങിയതായി ആക്രമണത്തിനിരയായ യുവരാജ് സിംഗ് രജാവത് പിന്നീട് പ്രാദേശിക മാധ്യമപ്രവർത്തകരോട് പറഞ്ഞു. 42 ലക്ഷം രൂപ തിരിച്ച് നൽകിയെങ്കിലും കടം കൊടുത്തവർ ഇപ്പോൾ 80 ലക്ഷം രൂപ ആവശ്യപ്പെടുന്നു. തുടർന്ന് ഇവർ നിരന്തരമായി ഭീഷണിപ്പെടുത്തി.  വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം രാജസ്ഥാനിലും മധ്യപ്രദേശിലും കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം വീട്ടിലുപേക്ഷിച്ചെന്നും ഇയാൾ പറയുന്നു. എസ്പി ഓഫീസിൽ പരാതി നൽകിയെങ്കിലും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് ലഹാർ പൊലീസ് അറിയിച്ചു. യുവാവ് മുന്നോട്ട് വന്നാൽ പിന്തുണ നൽകുമെന്ന് പൊലീസ് പറയുന്നു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button