സ്വന്തം റെക്കോർഡുകളേക്കാൾ മെസ്സി മുൻഗണന നൽകിയത് ടീമിന്’; വെളിപ്പെടുത്തലുമായി സ്കലോണി
‘
ഫിഫ ലോകകപ്പ് 2026-ൽ നിരവധി ചരിത്രനേട്ടങ്ങൾ സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന അർജന്റീന നായകൻ ലയണൽ മെസ്സിക്ക് തന്റെ റെക്കോർഡുകൾ കൂടുതൽ വിപുലപ്പെടുത്താൻ അവസരമുണ്ടായിരുന്നുവെങ്കിലും, വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിന്റെ താൽപര്യത്തിനാണ് അദ്ദേഹം മുൻഗണന നൽകിയതെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. അർജന്റീനയുടെ അവസാന മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്കലോണി മെസ്സിയുടെ തീരുമാനത്തെ പ്രശംസിച്ചത്.’ഇന്നലെ മെസ്സിക്ക് മുഴുവൻ മത്സരവും കളിച്ച് തന്റെ ഇതിഹാസ റെക്കോർഡുകൾ കൂടുതൽ മെച്ചപ്പെടുത്താമായിരുന്നു. എന്നാൽ സഹതാരങ്ങൾക്ക് കളിക്കാനുള്ള അവസരം നൽകാനാണ് ലിയോ തീരുമാനിച്ചത്. അത് പൂർണമായും അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമായിരുന്നു’ സ്കലോണി പറഞ്ഞു. മെസ്സിക്ക് വ്യക്തിഗത റെക്കോർഡുകളേക്കാൾ ദേശീയ ടീമിന്റെ വിജയമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ആളുകൾ പറയുന്ന റെക്കോർഡുകളെക്കുറിച്ച് മെസ്സി ചിന്തിക്കാറില്ല. അർജന്റീന ദേശീയ ടീമിന് അദ്ദേഹം നൽകുന്ന പ്രാധാന്യം അതിലൂടെ വ്യക്തമാണ്,’ സ്കലോണി പറഞ്ഞു.പരിമിതമായ സമയമാണ് കളത്തിലുണ്ടായിരുന്നതെങ്കിലും ലോകകപ്പ് 2026-ൽ മെസ്സി വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ്. ജോർദാനെതിരായ മത്സരത്തിൽ നേടിയ അതിമനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ നേരിട്ടുള്ള ഫ്രീകിക്ക് ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ മെസ്സി ഇടംപിടിച്ചു. ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കം, ബ്രസീലിന്റെ പെലെ, റിവെല്ലിനോ, പെറുവിന്റെ ടിയോഫിലോ കുബിയാസ്, ഫ്രാൻസിന്റെ ബെർണാർഡ് ഗെൻഗിനി എന്നിവർക്കൊപ്പമാണ് ഇപ്പോൾ മെസ്സിയും രണ്ട് ലോകകപ്പ് ഫ്രീകിക്ക് ഗോളുകളുമായി നിൽക്കുന്നത്. മെസ്സി കൂടുതൽ സമയം കളിച്ചിരുന്നെങ്കിൽ ഈ റെക്കോർഡ് ഒറ്റയ്ക്ക് സ്വന്തമാക്കാനുള്ള അവസരവും ഉണ്ടായിരുന്നു. ജോർദാനെതിരായ മത്സരത്തിൽ അർജന്റീനയുടെ മറ്റ് രണ്ട് ഗോളുകളും സെറ്റ് പീസുകളിൽ നിന്നായിരുന്നു. ജിയോവാനി ലോ സെൽസോ നേരിട്ടുള്ള ഫ്രീകിക്കിലൂടെ ഒരു ഗോൾ നേടിയപ്പോൾ, ലൗട്ടാരോ മാർട്ടിനെസ് പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ചു. ഇതിന് മുമ്പ് അൾജീരിയക്കെതിരായ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഹാട്രിക് നേടിയ മെസ്സി, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും പ്രായം കൂടിയ ഹാട്രിക് നേട്ടം സ്വന്തമാക്കിയ താരമെന്ന റെക്കോർഡ് സ്ഥാപിക്കുകയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേട്ടം മറികടക്കുകയും ചെയ്തിരുന്നു. ഗോൾഡൻ ബൂട്ട് പോരാട്ടത്തിലും തന്റെ ലീഡ് വർധിപ്പിക്കാനുള്ള അവസരമാണ് മെസ്സിക്ക് നഷ്ടമായത്. പ്രധാന എതിരാളികളായ കിലിയൻ എംബാപ്പെയും എർലിങ് ഹാലണ്ടും അവരുടെ അവസാന മത്സരങ്ങളിൽ ഗോൾ നേടാൻ സാധിക്കാതിരുന്നതിനാൽ, മുഴുവൻ 90 മിനിറ്റും കളിച്ചിരുന്നെങ്കിൽ മെസ്സിക്ക് തന്റെ ഗോൾനേട്ടം കൂടുതൽ ഉയർത്താനാകുമായിരുന്നു.





