ഫൈനല്‍ തേര്‍ഡില്‍ ആ കാലുകളില്‍ പന്ത് കിട്ടിയാല്‍ പിന്നെ തീര്‍ന്നു’; മെസ്സിയെ പുകഴ്ത്തി ഹാരി കെയ്ന്‍

ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് അര്‍ജന്റീന ഫൈനലിലേക്ക് കടന്ന മത്സരത്തിലെ ലയണല്‍ മെസ്സിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. ഗോള്‍ നേടാനായില്ലെങ്കിലും നിര്‍ണായകമായ രണ്ട് അസിസ്റ്റുകളിലൂടെ ടീമിനെ പിന്നില്‍ നിന്ന് പോരാടി വിജയത്തിലേക്കെത്തിച്ചത് മെസിയാണ്. 39കാരനായ താരം 20കാരനെ പോലെ മൈതാനത്ത് നിറഞ്ഞുനില്‍ക്കുകയാണെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. മത്സരശേഷം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ മെസിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ താരത്തിന്റെ പ്രതിഭക്ക് അടിവരയിടുന്നതാണ്. ‘മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും മെസ്സിയെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഞങ്ങള്‍ക്കായി. എന്നാല്‍, ഫൈനല്‍ തേഡില്‍ മെസ്സിയുടെ കാലില്‍ പന്ത് എത്തുമ്പോള്‍, ലോകത്തിലെ അപകടകാരികളായ കളിക്കാരെ പോലെ, കളി നിയന്ത്രിക്കാനും അവസരങ്ങള്‍ സൃഷ്ടിക്കാനും അവര്‍ക്ക് സാധിക്കും. മെസ്സി അത് ആവര്‍ത്തിച്ചു. എന്തുകൊണ്ടാണ് മെസ്സി ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊന്നാണ് എന്ന് പറയുന്നതിന്റെ കാരണവും ഇതാണ്’ -കെയ്ന്‍ പറഞ്ഞു. ഇംഗ്ലണ്ട് ടീമില്‍ തുടരുമോയെന്ന ചോദ്യത്തിനും മെസ്സിയെ ചൂണ്ടിക്കാട്ടിയായിരുന്നു മറുപടി. ഇപ്പോള്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും, 39ാം വയസിലും മികച്ച നിലവാരത്തില്‍ കളിക്കുന്ന ലയണല്‍ മെസിയാണ് തന്റെ പ്രചോദനമെന്നും 32കാരനായ കെയ്ന്‍ പറഞ്ഞു. ‘മെസി ഇപ്പോഴും ഏറ്റവും ഉയര്‍ന്ന തലത്തിലാണ് കളിക്കുന്നത്. അതിനാല്‍ എനിക്കും മുന്നോട്ട് പോകാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. തോല്‍വിയുടെ നിരാശ ഇപ്പോഴും മാറിയിട്ടില്ല. അതുകൊണ്ട് ഭാവിയെക്കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കാന്‍ ഇതല്ല ശരിയായ സമയം,’ കെയ്ന്‍ പറഞ്ഞു. അര്‍ജന്റീനക്കെതിരെ ഒരു ഗോളിന് മുന്നിലെത്തിയ ശേഷം കൂടുതല്‍ പ്രതിരോധത്തിലേക്ക് ഒതുങ്ങിയതാണ് തങ്ങള്‍ക്ക് തിരിച്ചടിയായതെന്ന് കെയ്ന്‍ സമ്മതിച്ചു. ഒരു ഗോള്‍ കൂടി നേടാന്‍ ശ്രമിക്കുന്നതിനുപകരം ലീഡ് നിലനിര്‍ത്താനാണ് ടീം ശ്രദ്ധിച്ചത്. അത്തരമൊരു സമീപനം തിരിച്ചടിയായെന്നും കെയ്ന്‍ വിലയിരുത്തി. അത്ലാന്റ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. ആന്റണി ഗോര്‍ഡന്‍ (55) നേടിയ ഗോളിലൂടെ ഇംഗ്ലണ്ടാണ് ആദ്യം മുന്നിലെത്തിയത്. എന്‍സോ ഫെര്‍ണാണ്ടസ്(85), ലൗട്ടാരോ മാര്‍ട്ടിനസ്(90+2) എന്നിവരാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്. 84-ാം മിനിറ്റ് വരെ അര്‍ജന്റീന ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു രണ്ട് ഗോളടിച്ച് ജയം സ്വന്തമാക്കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.30ന് നടക്കുന്ന ഫൈനലില്‍ സ്പെയിനാണ് എതിരാളികള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button