വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ചിന് നാലാമത്തെ കേസിലും ശിക്ഷ; ആകെ 127 വർഷം തടവ്

തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാലാമത്തെ കേസിലും കഠിനതടവ് വിധിച്ച് കോടതി. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എമ്മിനെ (40) ആണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള 28 വർഷം കഠിനതടവിനും 54,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. നിലവിൽ മൂന്നു കേസുകളിലെ ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം മാത്രമേ ഈ കേസിലെ ശിക്ഷ ആരംഭിക്കാവൂ എന്നും വിധിയിലുണ്ട്. പ്രോസിക്യൂഷന്റെ വാദങ്ങൾ പരിഗണിച്ചാണ് കോടതി പ്രത്യേക ശിക്ഷാ കാലാവധി വിധിച്ചത്. ഇതോടെ പ്രതിക്ക് നാലു കേസുകളിലായി ആകെ 127 വർഷം തടവും 2.23 ലക്ഷം രൂപ പിഴയുമാണ് ലഭിച്ചിരിക്കുന്നത്. ഇതിൽ 42 വർഷം തടവ് അനുഭവിച്ചാൽ മതിയാകും.2018 ജൂണിലാണ് പെൺകുട്ടി കോച്ചിങ്ങിനായി എത്തുന്നത്. പരിശീലനത്തിന്റെ മറവിൽ ജിമ്മിലും ബാത്ത്റൂമിലും കൊണ്ടുപോയി പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഫിറ്റ്നസിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് കുട്ടിയുടെ നഗ്ന ചിത്രങ്ങളും ഇയാൾ പകർത്തി. ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി സംഭവം പുറത്തുപറഞ്ഞില്ല. പീഡനത്തെത്തുടർന്ന് കടുത്ത വിഷാദരോഗത്തിലായ കുട്ടി ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. 2024-ൽ തിരുവനന്തപുരത്ത് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിനിടെ, പീഡനത്തിനിരയായ മറ്റൊരു പെൺകുട്ടി പ്രതിയെ കണ്ടു ഭയന്ന് ബഹളം വെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിനു പിന്നാലെയാണ് കൂടുതൽ കുട്ടികൾ പരാതിയുമായി മുന്നോട്ടുവന്നത്. പ്രതിക്കെതിരെ ആകെ ആറു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ നാലെണ്ണത്തിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. ബാക്കി രണ്ടു കേസുകളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകൾ ലഭിച്ചാലുടൻ വിചാരണ ആരംഭിക്കും. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. കന്റോൺമെന്റ് ഇൻസ്പെക്ടർ പ്രജീഷ് ശശി, സബ് ഇൻസ്പെക്ടർമാരായ എസ്. ഷെഫിൻ, നിതിൻ നളൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button