ക്ഷേത്രത്തില്‍ മന്ത്രിസഹോദരന്റെ ഗുണ്ടായിസം: വാഗ്വാദത്തിനിടെ കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ചു; വ്യാപക വിമര്‍ശനം

വിശാഖപട്ടണം: ക്ഷേത്രദര്‍ശനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ച് മന്ത്രിസഹോദരന്‍. ആന്ധ്രാപ്രദേശ് റോഡ്സ് ആന്‍ഡ് ബില്‍ഡിങ്സ് വകുപ്പ് മന്ത്രിയും ടിഡിപി നേതാവുമായ ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ സഹോദരനാണ് പൊലീസിന്റെ മുഖത്തടിച്ചത്. നന്ദ്യാല്‍ ജില്ലയിലെ കൊലിമിഗുണ്ട്‌ല പ്രദേശത്തെ ക്ഷേത്രത്തിലായിരുന്നു സംഭവം.
ജസ്വന്ത് എന്ന കോണ്‍സ്റ്റബിളിനെയാണ് മന്ത്രിയുടെ സഹോദരന്‍ മദന്‍ ഭൂപാല്‍ റെഡ്ഡി തല്ലിയത്. ക്ഷേത്രത്തിനുള്ളിലെ നിരോധിത മേഖലയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദത്തിലേര്‍പ്പെടുകയും തുടര്‍ന്ന് മദന്‍ ഭൂപാല്‍ റെഡ്ഡി കോണ്‍സ്റ്റബിളിനെ തല്ലുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
വ്യാപക വിമര്‍ശനമാണ് മന്ത്രിസഹോദരനെതിരെ ഉയരുന്നത്. വീഡിയോ പ്രതിപക്ഷമായ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഒരു ആയുധമാക്കി എടുത്തിട്ടുണ്ട്. ടിഡിപി നേതാക്കളും കുടുംബവും അഹങ്കാരം കാണിക്കുകയാണെന്നും നിയമത്തിന് പുല്ലുവിലയാണ് അവര്‍ നല്‍കുന്നതെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു. അധികാരം കയ്യാളുന്നവരുടെ വേണ്ടപ്പെട്ടവര്‍ പോലും നിയമത്തെ അവഗണിക്കുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ മദന്‍ ഭൂപാല്‍ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഡിയും വിഷയത്തില്‍ പരസ്യമായി മാപ്പ് ചോദിച്ചു.
