അമിതവണ്ണമുള്ളവര്‍ പോഷകാഹാരക്കുറവുള്ള കുട്ടികളേക്കാള്‍ അധികമെന്ന് യൂനിസെഫ്

ന്യൂയോര്‍ക്ക്: ലോകത്ത് അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം പോഷകാഹാരക്കുറവുള്ള കുട്ടികളേക്കാള്‍ അധികമായെന്ന് യൂനിസെഫ്. പായ്ക്കറ്റുകളിലും കുപ്പികളിലുമെത്തുന്ന ഭക്ഷണങ്ങളുടെ ലഭ്യത വര്‍ധിക്കുന്നതാണ് ഇതിന് കാരണമെന്ന് യൂനിസെഫിന്റെ ഏറ്റവും പുതിയ റിപോര്‍ട്ട് പറയുന്നു. അഞ്ച് മുതല്‍ 19 വയസു വരെ പ്രായമുള്ള പത്ത് കുട്ടികളില്‍ ഒരാള്‍ക്ക് അമിതവണ്ണമുണ്ട്. പോഷകാഹാരക്കുറവ് മൂലമുള്ള തൂക്കക്കുറവ് ലോകത്ത് കുറഞ്ഞിട്ടുണ്ട്. പക്ഷേ, അമിതവണ്ണമുള്ളവരുടെ എണ്ണം അതിനെയും മറികടന്നു. നമ്മളിന്ന് ഭാരക്കുറവുള്ള കുട്ടികളെക്കുറിച്ചല്ല മറിച്ച് പോഷകാഹാരക്കുറവിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് യുനിസെഫ് മേധാവി കാതറിന്‍ റസ്സല്‍ പ്രസ്താവനയില്‍ പറഞ്ഞു. ”കുട്ടികളുടെ വളര്‍ച്ച, വൈജ്ഞാനിക വികസനം, മാനസികാരോഗ്യം എന്നിവയില്‍ പോഷകാഹാരം നിര്‍ണായക പങ്കു വഹിക്കുന്ന ഇക്കാലത്ത്, പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍ എന്നിവയ്ക്കു പകരം അള്‍ട്രാ-പ്രോസസ്ഡ് (പായ്ക്കറ്റുകളിലും കുപ്പികളിലുമെത്തുന്ന) ഭക്ഷണങ്ങള്‍ വര്‍ധിച്ചുവരുകയാണ്.”-കാതറിന്‍ റസ്സല്‍ വിശദീകരിച്ചു. 190 രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ പ്രകാരം, ലോകത്ത് പട്ടിണി കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുണ്ട്. 2000നും 2022നും ഇടയില്‍ അഞ്ച് മുതല്‍ 19 വയസ് വരെ പ്രായമുള്ളവരില്‍ ഭാരക്കുറവുള്ളവരുടെ എണ്ണം 13 ശതമാനത്തില്‍ നിന്നും 10 ശതമാനമായി കുറഞ്ഞു. എന്നാല്‍, അമിതഭാരമുള്ളവരുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിച്ച് 194ല്‍ നിന്നും 391 ദശലക്ഷമായിഉയര്‍ന്നു.
