
ആലുവ: ആലുവയിലെ ലോഡ്ജില്‍ കാമുകിയെ യുവാവ് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നേര്യമംഗലം സ്വദേശി ബിനുവാണ് (37) കൊല്ലം കുണ്ടറ സ്വദേശി അഖിലയെ (35) കൊന്ന ശേഷം ആലുവ പൊലീസിന് കീഴടങ്ങിയത്. റെയില്‍വേ സ്റ്റേഷന് റോഡില്‍ സാന്റോ കോംപ്ളക്സിലെ തോട്ടുങ്കല്‍ ലോഡ്ജില്‍ വെച്ചായിരുന്നു ഞായറാഴ്ച്ച രാത്രി കൊലപാതകം നടന്നത്.
ഒരു വര്‍ഷത്തില്‍ അധികമായി മാസത്തില്‍ ഒന്നുരണ്ടു പ്രാവശ്യം ബിനുവും അഖിലയും ഒരുമിച്ച് ഇവിടെ മുറിയെടുക്കാറുണ്ട്. മുറിയെടുത്താല്‍ അഞ്ച് ദിവസം വരെ ഒരുമിച്ച് ഇവിടെ തങ്ങിയ ശേഷമാണ് തിരികെ പോവാറ്. അഖില ഫോണ്‍ വിളിച്ചാണ് മുറി വേണമെന്ന് ആവശ്യപ്പെടുന്നതും പണം കൊടുക്കുന്നതും. ഞായറാഴ്ച്ച വൈകിട്ടെത്തുമെന്ന് ലോഡ്ജുകാരോട് അഖില എന്നറിയിച്ചിരുന്നു. പറഞ്ഞതുപോലെ രാത്രി 8 മണിക്ക് ബിനുവും അഖിലയും എത്തി. ആദ്യമെത്തിയ ബിനു മദ്യപിച്ചിരുന്നു. 9.30ഓടെ റിസപ്ഷനിലെത്തി കുടിക്കാന്‍ വെള്ളം ചോദിച്ചു അയാള്‍. പിന്നീട് റൂമിലേക്ക് പോയി.
രാത്രി 11 മണി കഴിഞ്ഞതോടെ, ബിനു സുഹൃത്തിനെ വിളിച്ച് അഖിലയെ താന്‍ കൊന്നുവെന്ന വിവരം പങ്കുവെച്ചു. തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍ അഖില മരിച്ചു കിടക്കുന്ന വിഡിയോ ദൃശ്യം അയച്ചുകൊടുത്തു. അങ്ങനെയാണ് സുഹൃത്ത് പറഞ്ഞത് പ്രകാരം 11.30ഓടെ പൊലീസ് ലോഡ്ജിലെത്തുന്നത്. പൊലീസുകാര്‍ ജീപ്പില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പേ ‘ഞാനാണ് നിങ്ങള്‍ അന്വേഷിച്ച് വന്ന കൊലയാളി’ എന്ന് പറഞ്ഞ് ജീപ്പിലേക്ക് കയറിയിരുന്നു.
തന്നെ വിവാഹം കഴിക്കണമെന്ന അഖിലയുടെ ആവശ്യത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായതും അത് കൊലപാതകത്തില്‍ കലാശിച്ചതും. തര്‍ക്കം മൂര്‍ഛിച്ചതോടെ അഖിലയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. വ്യത്യസ്ഥ ജാതിയായതിനാല് പ്രതിയുടെ വീട്ടുകാര്‍ വിവാഹത്തിന് തയ്യാറല്ലായിരുന്നു.
യുവതി കഴിഞ്ഞ മൂന്നിനും റൂം ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അന്ന് ലോഡ്ജുകാര്‍ വിളിച്ചപ്പോള്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ബിനു വഴക്കിട്ടെന്നും, ദേഷ്യപ്പെട്ട് പോയെന്നും യുവതി പറഞ്ഞു. ബിനുവിനെ അടുത്ത ദിവസം വിളിച്ചപ്പോള്‍ കൊട്ടാരക്കരയിലുണ്ടെന്ന് പറഞ്ഞതോടെ യുവതി മടങ്ങിയെന്നാണ് ലോഡ്ജിലെ റിസപ്ഷനിസ്റ്റ് ബിജു പറഞ്ഞത്. കുറച്ചുനാള്‍ നാലാംമൈലില്‍ വാടക വീടെടുത്ത് ഇരുവരും താമസിച്ചിരുന്നു. പ്രതിക്ക് വേറെ വിവാഹാലോചന വന്നതാണ് തര്‍ക്കത്തിന് കാരണം.
