15 സെന്റീമീറ്റര്‍ മുല്ലപ്പൂ കൈവശം വെച്ചു; നവ്യാ നായർക്ക് ഓസ്ട്രേലിയയിൽ ഒന്നേകാൽ ലക്ഷം രൂപ പിഴ, കാരണം അറിയാം

ഓസ്ട്രേലിയയുടെ ജൈവസുരക്ഷാ നിയമമാണ് മുല്ലപ്പൂ ഉൾപ്പെടെയുള്ളവ രാജ്യത്തേക്ക് കൊണ്ടുവരുന്നത് തടയുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള ചെടികളും പൂക്കളുമെല്ലാം ഓസ്ട്രേലിയയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്മജീവികളേയോ രോഗങ്ങളേയോ കൂടി കൊണ്ടുവരാമെന്നതിനാലാണ് ഇത്. ഇത്തരം സൂക്ഷ്മജീവികൾ ഓസ്ട്രേലിയയിലെ കൃഷി, വനം തുടങ്ങിയവയെ നശിപ്പിക്കാൻ കാരണമാകുകയും തദ്ദേശീയമായ സസ്യ-ജന്തുജാലങ്ങൾക്ക് ഭീഷണിയാകുകയും ചെയ്യുമെന്നതിനാലാണ് ഈ നിയമം കർശനമായി നടപ്പാക്കുന്നത്.
ഇത്തരത്തിൽ ഓസ്ട്രേലിയയ്ക്ക് പണി കിട്ടിയ പല അനുഭവങ്ങളും മുമ്പുണ്ടായിട്ടുണ്ട്. 1859-ൽ ഏതാനും മുയലുകളെ വിനോദത്തിനായി യൂറോപ്പിൽ എത്തിച്ചതാണ് അതിലൊന്ന്. ഓസ്ട്രേലിയയിൽ മുയലുകൾക്ക് സ്വാഭാവിക ശത്രുക്കളില്ലാത്തതിനാൽ അവ പെറ്റ് പെരുകുകുകയും കൃഷിഭൂമികൾ വൻതോതിൽ നശിപ്പിക്കുകയും ചെയ്തു. തദ്ദേശീയ സസ്യങ്ങളെ മുയലുകൾ തിന്നുതീർത്തതോടെ അവയെ ആശ്രയിച്ചുകഴിയുന്ന ജീവികളുടെ ആവാസവ്യവസ്ഥയും തകർന്നു. കരിമ്പ് കൃഷി നശിപ്പിക്കുന്ന വണ്ടുകളെ നിയന്ത്രിക്കാനായി കൊണ്ടുവന്ന കരിമ്പൻ പോക്കാന്തവള, വേലി കെട്ടാനായി കൊണ്ടുവന്ന ഒരുതരം കള്ളിമുൾ ചെടി എന്നിവയും ഓസ്ട്രേലിയയ്ക്ക് വലിയ തലവേദനയായി മാറിയ ചരിത്രമുണ്ട്.
ന്യൂസീലാൻഡ്, യുഎസ്, ജപ്പാൻ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലും കർശനമായ ബയോസെക്യൂരിറ്റി നിയമങ്ങളുണ്ട്.
