മുഗള്‍ രാജാക്കന്മാരെ ക്രൂരന്മാരും കൊലപാതകികളുമാക്കി പുതിയ എൻസിഇആർടി പാഠപുസ്തകം

ന്യൂഡല്‍ഹി: മുഗള്‍രാജാക്കന്മാരെ ക്രൂരന്മാരും കൊലപാതകികളുമാക്കി പുതിയ എന്‍സിഇആര്‍ടി പുസ്തകം. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിനെ ഇസ്‌ലാമികമല്ലാത്ത ആചാരങ്ങൾ രാജ്യത്ത് നിരോധിച്ച ഭരണാധികാരിയായും അക്ബറിനെ ക്രൂരതയുടെയും ഒട്ടും സഹിഷ്ണുതയില്ലാത്തയാളുമൊക്കെയാണ് വിശേഷിപ്പിരിക്കുന്നത്. എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് ചരിത്രപരമായ ഉള്ളടക്കത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. നഗരങ്ങളിലെ മുഴുവൻ ജനങ്ങളെയും കൂട്ടക്കൊല ചെയ്ത ക്രൂരനാണ് ബാബർ. അക്ബറിന്റെ ഭരണകാലം ക്രൂരതയുടെയും അസഹിഷ്ണുതയുടെയും മിശ്രിതമാണ്. ക്ഷേത്രങ്ങളും ഗുരുദ്വാരകളും നശിപ്പിച്ചയാളാണ് ഔറംഗസേബ് എന്നും പാഠപുസ്തകത്തിൽ പറയുന്നു. അതേസമയം മറാത്ത രാജാവായിരുന്ന ഛത്രപതി ശിവാജിയെ മികച്ച തന്ത്രജ്ഞനും കാഴ്ചപ്പാടുള്ള വ്യക്തിയെന്നുമാണ് വിശേഷിപ്പിക്കുന്നത്. മറാത്തികൾ ഇന്ത്യയുടെ സാംസ്കാരിക വികസനത്തിന് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്നും പറയുന്നു. സ്വന്തം മതാചാരങ്ങളെ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം മറ്റ് മതങ്ങളെ ബഹുമാനിച്ചിരുന്ന ഭക്തനായിരുന്നു ശിവാജിയെന്നും അദ്ദേഹം നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങൾ പുനർനിർമിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു.അതേസമയം പുതിയ പാഠഭാഗങ്ങളെ ന്യായീകരിച്ച് എന്‍സിഇആര്‍ടിയുടെ കരിക്കുലർ ഏരിയ ഗ്രൂപ്പ് ഫോർ സോഷ്യൽ സയൻസിന്റെ തലവനായ മൈക്കൽ ഡാനിനോ രംഗത്ത് എത്തി. മുഗൾ ഭരണാധികാരികളെ മനസ്സിലാക്കുന്നതിന് അവരുടെ വ്യക്തിത്വങ്ങളുടെ സങ്കീർണ്ണതകൾ അംഗീകരിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ”ചെറുപ്പത്തിൽ താൻ ക്രൂരനായിരുന്നുവെന്ന് അക്ബർ തന്നെ സമ്മതിക്കുന്നുണ്ട്, ഞങ്ങൾ അക്ബറിനെയോ ഔറംഗസീബിനെയോ പൈശാചികവൽക്കരിക്കുന്നില്ല, പക്ഷേ ഈ ഭരണാധികാരികൾക്ക് ക്രൂരമായ പ്രവൃത്തികളും ഉണ്ടായിരുന്നുവെന്ന് അറിയിക്കേണ്ടതുണ്ട്”- ഡാനിനോ പറയുന്നു. ബാബർ, അക്ബർ, ഔറംഗസേബ് എന്നിവരെക്കുറിച്ച് എൻസിഇആർടി പാഠപുസ്തകങ്ങളിൽ ഇതുവരെയും പ്രതിപാദിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ.
