Sports

ശുഭ്മൻ ഗിൽ അല്ല! 400 റൺസെന്ന തന്‍റെ ടെസ്റ്റ് റെക്കോഡ് തകർക്കുക ഈ ഇന്ത്യൻ ബാറ്ററെന്ന് ലാറ

മുംബൈ: വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുടെ റെക്കോഡ് മറികടക്കാൻ വെറും 34 റൺസ് മാത്രം അകലെയാണ് ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് നായകൻ വിയാൻ മൾഡർ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആ തീരുമാനമെടുത്തത്!സിംബാബ്‌വെക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 334 പന്തിൽ 367 റണ്‍സുമായി പുറത്താകാതെ നിൽക്കെയാണ് മൾഡർ ഇന്നിങ്സ് ഡിക്ലയർ ചെയ്യുന്നത്.ലാറയുടെ പേരിലാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. 2004 ഏപ്രില്‍ 12ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് താരം 400 റണ്‍സ് നേടുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് കഴിഞ്ഞവർഷം ലാറ നടത്തിയ ഒരു പ്രതികരണം ഇപ്പോൾ വൈറലാകുന്നത്. മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ അതേർട്ടണിനോടായിരുന്നു ലാറയുടെ തുറന്നു പറച്ചിൽ. 400 റൺസെന്ന തന്‍റെ ടെസ്റ്റ് റെക്കോഡ് മറികടക്കുന്നതിനെ കുറിച്ചായിരുന്നു ലാറയുടെ പ്രതികരണം. തന്‍റെ റെക്കോഡ് ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളോ, ഇംഗ്ലീഷ് ബാറ്റർ ഹാരി ബ്രൂക്കോ മറികടക്കുമെന്നാണ് ലാറ അഭിപ്രായപ്പെട്ടത്. പലരും പ്രതീക്ഷിച്ചത് ശുഭ്മൻ ഗില്ലിന്‍റെ പേരായിരുന്നു. എഡ്ജ്ബാസ്റ്റണിൽ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാംഇന്നിങ്സിൽ ഇരട്ട ശതകം നേടിയ ഗിൽ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയും നേടിയിരുന്നു. ഒന്നാം ഇന്നിങ്സിൽ 269 റൺസും രണ്ടാം ഇന്നിങ്സിൽ 161 റൺസുമാണ് താരം നേടിയത്. ഇതുവരെയുള്ള ചരിത്രത്തിൽ ഒരു താരം ഒരു ടെസ്റ്റ് മത്സരത്തിന്‍റെ രണ്ടു ഇന്നിങ്സുകളിലുമായി ഇരട്ട സെഞ്ച്വറിയും 150 റൺസും നേടുന്നത് ആദ്യമാണ്. 148 വർഷത്തിനിടെ ഈ നേട്ടം മറ്റാർക്കും കൈവരിക്കാനായിട്ടില്ല. അതേസമയം, അരങ്ങേറ്റ ടെസ്റ്റ് മുതൽ ഇന്ത്യക്കായി സ്ഥിരതയാർന്ന പ്രകടനമാണ് ജയ്സ്വാൾ കാഴ്ചവെക്കുന്നത്. 40 ഇന്നിങ്സുകളിൽനിന്നായി 2018 റൺസാണ് താരം ഇതുവരെ നേടിയത്. 53.10 ആണ് ശരാശരി. 214 ആണ് ഉയർന്ന സ്കോർ. ടെസ്റ്റിൽ ഇന്ത്യക്കായി അതിവേഗം 2000 റൺസ് നേടുന്ന താരങ്ങളിലൊരാണ് ജയ്സ്വാൾ. മുൻതാരങ്ങളായ രാഹുൽ ദ്രാവിഡ്, വിരേന്ദർ സെവാഗ് എന്നിവരാണ് മറ്റു താരങ്ങൽ. സചിനു ശേഷം 2000 റൺസ് പിന്നിടുന്ന പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും ജയ്സ്വാൾ സ്വന്തമാക്കിയിരുന്നു. 20 വർഷവും 330 ദിവസവും പ്രായമുള്ളപ്പോഴാണ് സചിൻ 2000 റൺസ് താണ്ടിയത്. ജയ്സ്വാളിന് 23 വർഷവും 188 ദിവസവുമാണ് ജയ്സ്വാളിന്‍റെ പ്രായം. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയിരുന്നു. ടെസ്റ്റിൽ ട്രിപ്പ്ൾ സെഞ്ച്വറി സ്വന്തം പേരിലുള്ള ബ്രൂക്ക്, 45 ഇന്നിങ്സുകളിൽനിന്ന് 2619 റൺസാണ് നേടിയത്. 317 ആണ് താരത്തിന്‍റെ ഉയർന്ന സ്കോർ. ടെസ്റ്റ് ചരിത്രത്തിലെ അഞ്ചാമത്തെ ഉയര്‍ന്ന സ്‌കോറാണ് മള്‍ഡറുടെ 367 റണ്‍സ്. ശ്രീലങ്കയുടെ മഹേള ജയവര്‍ധനെ, മാത്യു ഹെയ്ഡന്‍ എന്നിവരാണ് രണ്ടും മൂന്നൂം സ്ഥാനങ്ങളിൽ. പട്ടികയില്‍ ആദ്യ അഞ്ചില്‍ രണ്ട് സ്‌കോറുകള്‍ (400*, 375) ലാറയുടേതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button