തിരിച്ചടിക്കാൻ പാക് സൈന്യത്തിന് നിർദ്ദേശം; പാകിസ്ഥാനിൽ റെഡ് അലർട്ട്, വ്യോമപാത പൂർണ്ണമായും അടച്ചു

ദില്ലി: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദ്ദേശം നല്‍കി പാക് സർക്കാർ. പാകിസ്ഥാൻ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ നിർദ്ദേശം നല്‍കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂറിലേക്ക് നിർത്തിവച്ചു. വ്യോമപാത പൂർണ്ണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകളും അടച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് ചുട്ട മറുപടി നല്‍കി ഇന്ത്യ. ഇന്ന് പുലര്‍ച്ചെ ഒന്ന് അഞ്ചിന് നടന്ന ആക്രമണത്തില്‍ പാകിസ്ഥാനിലെ 9 തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്‍റെ 14 കുടുംബാംഗങ്ങളെങ്കിലും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 90 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. അനിവാര്യമായ മറുപടിയാണ് നല്‍കിയതെന്നും, പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ പുലര്‍ച്ചെ 1.05 മുതല്‍ ഒന്നര വരെ നീണ്ടു നിന്ന ശക്തമായ ആക്രമണമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. പഹല്‍ഗാമില്‍ സിന്ദൂരം മായ്ക്കപ്പെട്ട സ്ത്രീകളുടെ കണ്ണീരിന് , തീമഴയായി പാകിസ്ഥാനോട് പകരം വീട്ടല്‍. പ്രധാനമന്തി നരേന്ദ്രമോദി തന്നെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടു. ഭവല്‍ പൂര്‍, മുറിട്കേ, സിലാല്‍ കോട്ട്, കോട്ലി, ഭിംബീര്‍, ടെഹ്റകലാന്‍, മുസഫറബാദ് എന്നിവടങ്ങളിലായി ഒന്‍പത് ഭീകര കേന്ദ്രങ്ങളുടെ മേല്‍ റഫാല്‍ വിമനത്തില്‍ നിന്ന് മിസൈലുകള്‍ വര്‍ഷിച്ചു. ഒന്ന് നാല്‍പത്തി നാലിന് ആദ്യ വാര്‍ത്താ കുറിപ്പിറക്കി പ്രതിരോധ മന്ത്രാലയം രാജ്യം കാത്തിരുന്ന ആക്രമണത്തിന്‍റെ വിവരങ്ങള്‍ ലോകത്തോട് പറഞ്ഞു. പിന്നാലെ ആക്രമണ സ്ഥലങ്ങളുടെ ദൃശ്യങ്ങളടക്കം പുറത്തുവന്നു. പാകിസ്ഥാനില്‍ പരിഭ്രാന്തരായി ജനം നാലുപാടും ചിതറയോടുന്നതിന്‍റെയും ആശുപത്രികളിലേക്ക് ആംബുലവന്‍സുകളടക്കം ചീറിപ്പായുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നു. പ്രധാനമന്ത്രി ആക്രമണം നിരീക്ഷിച്ചു ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസീദ് അസറിന്‍റെ കുടുംബത്തിലെ 14 പേരെങ്കിലും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. 90 ഭീകരരെങ്കിലും കൊല്ലപ്പെട്ടതായാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്ക്. രാത്രി മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണം നിരീക്ഷിച്ചു. ദേശീയ സുരക്ഷ, ഉപദേഷ്ടാവ് അജിത് ദോവല്‍ ഒപ്പമിരുന്ന് പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിടച്ചു. സംയുക്ത സൈനിക മേധാവിയോടും, സൈനിക മേധാവിമാരോടും പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും പ്രധാനമന്ത്രിയെ കാര്യങ്ങള്‍ അറിയിച്ചു. പാകിസ്ഥാനോട് തൊട്ടടുത്തുള്ളതും, വ്യോമാക്രണത്തിന് സാധ്യതയുള്ളതുമായ രാജ്യത്തെ 10 വിമാനത്താവങ്ങള്‍ അടച്ച് ഇന്ത്യയുടെ ആദ്യ പ്രതിരോധം. തുടര്‍ന്ന് കാര്യങ്ങള്‍ വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനവും വിളിച്ചു.
