ഇന്ത്യയോട് യുദ്ധം ചെയ്താൽ പാകിസ്ഥാൻ പാപ്പരാകും; വിലക്കയറ്റം രൂക്ഷമാകും, പെട്രോൾ കിട്ടാക്കനിയാകും; റിപ്പോർട്ട്

ദില്ലി: ഇന്ത്യയുമായി യുദ്ധം ചെയ്താല്‍ പാകിസ്ഥാന് പരമാവധി 3 ദിവസം പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന ആയുധ ബലമേയുളളുവെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുമ്പോള്‍ രാജ്യാന്തര സാമ്പത്തിക ഏജന്‍സികള്‍ പറയുന്നത് യുദ്ധത്തോടെ പാകിസ്ഥാന്‍ തകര്‍ന്ന് തരിപ്പണമാകുമെന്നാണ്. കടംകയറി മുടിഞ്ഞ പാകിസ്ഥാന്‍ സമ്പദ് വ്യവസ്ഥക്ക് ഇന്ത്യയുമായുള്ള യുദ്ധം താങ്ങാന്‍ കഴിയില്ലെന്നും രാജ്യം തന്നെ ഇല്ലാതാകുമെന്നുമാണ് സാമ്പത്തിക ഏജന്‍സികള്‍ പറയുന്നത്. കടം കയറി കുത്തുപാളയെടുത്ത രാജ്യമാണ് പാകിസ്ഥാന്‍. 131 ബില്യണ്‍ ഡോളറാണ് വിദേശ കടം. ഐഎംഎഫിന്‍റെ സഹായത്താലാണ് രാജ്യം തന്നെ മുന്നോട്ട് പോകുന്നത്. അടുത്ത 5 മാസത്തേക്കുള്ള സഹായം തേടി പാകിസ്ഥാന്‍ ഐഎംഎഫിന്‍റെ മുമ്പില്‍ കൈനീട്ടി നില്‍ക്കുമ്പോഴാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന മിന്നല്‍ നീക്കം ഇന്ത്യ നല്‍കിയത്. യുദ്ധം വന്നാല്‍ പാകിസ്ഥാന്‍ തകര്‍ന്നുപോകുമെന്ന മുന്നറിയിപ്പ് ആദ്യം പാകിസ്ഥാന് നല്‍കിയത് രാജ്യാന്തര റേറ്റിംഗ് എജന്‍സിയായ മൂഡീസ് ആയിരുന്നു. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യയെ പോലയല്ല പാകിസ്ഥാനെന്ന് പാക് ഭരണാധികാരികള്‍ ഓര്‍ക്കണമെന്നായിരുന്നു മുഡീസിന്‍റെ മുന്നറിയിപ്പ്. വെറും 10 ബില്യണ്‍ ഡോളറിന്‍റെ കരുതല്‍ വിദേശനാണ്യശേഖരം മാത്രമേ പാകിസ്ഥാന്‍റെ കൈവശമുള്ളു. ഇത് പരമാവധി 3 മാസത്തെ ഇറക്കുമതി ചിലവിന് ഉപയോഗിക്കാം. അത് കഴിഞ്ഞാല്‍ തീരാ ദുരിതത്തിലേക്കും ദാരിദ്ര്യത്തിലേക്കും പാകിസ്ഥാന്‍ വീഴും. പെട്രോള്‍ കിട്ടാക്കനിയായി മാറും. വിലക്കയറ്റം അതിരൂക്ഷമാകും. അവശ്യവസ്തുക്കളോ ഭക്ഷണമോ ഇല്ലാതെ ജനങ്ങള്‍ നരകിക്കുമെന്നാണ് മുന്നറിയിപ്പ്. യുദ്ധത്തോടെ രാജ്യാന്തര ഉപരോധം വന്നാല്‍ എല്ലാ സഹായവും നിലയ്ക്കും. കാര്‍ഷിക സമ്പദ് വ്യവസ്ഥയായ പാകിസ്ഥാന് ഒരു തരത്തിലും ഇന്ത്യയുടെ സാമ്പത്തിക ശക്തിയോട് പിടിച്ചു നില്‍ക്കാനാകില്ലെന്നും മൂഡീസ് വ്യക്തമാക്കിയിട്ടുണ്ട്. ഐഎംഎഫിന് മാത്രമല്ല ചൈനയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നം പാകിസ്ഥാന്‍ വന്‍തോതില്‍ കടം വാങ്ങിയിട്ടുണ്ട്. ഇന്ത്യയുമായുള്ള യുദ്ധം എന്ന സാഹസത്തിന് പാകിസ്ഥാന്‍ മുതിര്‍ന്നാല്‍ പിന്നെ ആ രാജ്യം ഈ രീതിയില്‍ ഉണ്ടാകുമോയെന്ന് ഉറപ്പില്ലെന്നാണ് റേറ്റിംഗ് ഏജന്‍സികളുടെ മുന്നറിയിപ്പ്. ഒപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ഓഹരി വിപണി നിലംപരിശായത് ആ രാജ്യം നേരിടാന്‍ പോകുന്ന വന്‍ ദുരന്തത്തിന്‍റെ ആദ്യ സൂചനയാണ്. യുദ്ധവും സാമ്പത്തിക തകര്‍ച്ചയും പാകിസ്ഥാന്‍ നേരിട്ടാല്‍ അവര്‍ ആദ്യം സഹായത്തിനായി സമീപിക്കുക ചൈനയെ ആയിരിക്കുമെന്നാണ് സാമ്പത്തിക ഏജന്‍സികളുടെ വിലയിരുത്തല്‍. ചൈനയിലെ പ്രതിരോധ കമ്പനികളുടെ ഓഹരി വിലകള്‍ ചൈന സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഉയരുന്നത് ഇതിന്‍റെ സൂചനയാണ്. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഒട്ടം ബാധിച്ചിട്ടില്ല എന്നത് ഇന്ത്യയുടെ കരുത്തായും ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ഓഹരി വിപണിയേയും സംഘര്‍ഷാവസ്ഥ ഒരു തരത്തിലും ബാധിച്ചിട്ടില്ല.
