കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി പൈലറ്റടക്കം രണ്ടുപേര്‍ മരിച്ചു

ഒട്ടോവ: കാനഡയിൽ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി പൈലറ്റടക്കം രണ്ടുപേര്‍ മരിച്ചു.തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23), കാനഡ സ്വദേശിനിയായ സാവന്ന മേയ് റോയ്സ് (20) എന്നിവരാണ് മരിച്ചത്.പരിശീലന പറക്കലിനിടെയാണ് അപകടം നടന്നത്.ആശയവിനിമയ സംവിധാനങ്ങളിലെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നു. ചൊവ്വാഴ്ച പ്രദേശിക സമയം 8.45 ഓടെ സ്റ്റെയിൻബാക്കിന് സമീപമാണ് അപകടമുണ്ടായത്. ഹാർവ്സ് എയറിലെ ഫ്ലൈറ്റ് സ്കൂളിലെ റൺവേയ്ക്ക് സമീപത്ത് വെച്ചാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. ഒരേസമയം പറന്നിറങ്ങാൻ ശ്രമിച്ചതാണ് ദാരുണമായ അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.കൂട്ടിയിടച്ച വിമാനങ്ങൾ തീപിടിച്ച് പാടത്തേക്ക് തകർന്നുവീഴുകയായിരുന്നു. ശ്രീഹരിയുടെയും സാവന്നയുടെ വിമാനങ്ങൾ ആകാശത്ത് കൂട്ടിയടിച്ചതാണെന്ന് ഹാർവ്‌സ് എയർ പൈലറ്റ് ട്രെയിനിങ് സ്‌കൂൾ പ്രസിഡന്റ് ആഡം പെന്നർ മാധ്യമങ്ങളോട് പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ അറിയിച്ചു. നാല് സീറ്റുള്ള സെസ്‌ന 172 വിമാനവും രണ്ട് സീറ്റുള്ള സെസ്‌ന 152 മാണ് കൂട്ടിയിടിച്ചതെന്ന് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.അപകടത്തില്‍ ടൊറന്റോയിലെ ഇന്ത്യന്‍ കോൺസുലേറ്റ് ജനറൽ അനുശോചനം രേഖപ്പെടുത്തി.മാനിറ്റോബയിലെ സ്റ്റെയിൻബാക്കിന് സമീപം വിമാനം കൂട്ടിയിടിച്ച് ജീവന്‍ നഷ്ടമായ ഇന്ത്യന്‍ പൈലറ്റ് വിദ്യാര്‍ഥി ശ്രീഹരി സുകേഷിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബത്തിനും അഗാധമായ അനുശോചനം അറിയിക്കുന്നതായി ഇന്ത്യന്‍ കോൺസുലേറ്റ് ജനറൽ എക്സില്‍ കുറിച്ചു.
