National

സ്വാതന്ത്ര്യദിന പ്രസംഗങ്ങളിൽ ഒരു ലക്ഷം വാക്കിനരികെ പ്രധാനമന്ത്രി; 2014 മുതൽ മോദി ഉപയോഗിച്ചത് 93,000 വാക്കുകൾ

ന്യൂഡൽഹി: ആഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ നിന്ന് പന്ത്രണ്ടാം തവണ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗങ്ങളിൽ ഒരു ലക്ഷം വാക്കുകൾ മറികടക്കും. 2014 മുതൽ മോദി ആകെ 93,000 വാക്കുകൾ തന്റെ പ്രഭാഷണങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ഒരു പ്രഭാഷണത്തിൽ ശരാശരി 8,500 വാക്കുകൾ. താരതമ്യപ്പെടുത്തുമ്പോൾ, മോദിയുടെ മുൻഗാമിയായ മൻമോഹൻ സിംഗ് തന്റെ 10 പ്രസംഗങ്ങളിലായി ശരാശരി 3,600 വാക്കുകൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. കർഷകർ, ദരിദ്രർ, സ്ത്രീകൾ, സമ്പദ്‌വ്യവസ്ഥ എന്നിവ മോദിയുടെ സ്ഥിരം പ്രഭാഷണ വിഷയങ്ങളാണ്. എന്നാൽ പ്രവർത്തനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധ വേറെയാണ് എന്ന വിമർശനവുമുണ്ട്. 2014 ലെ പ്രധാൻ മന്ത്രി ജൻ ധൻ യോജന, 2019 ലെ ജൽ ജീവൻ മിഷൻ തുടങ്ങിയ മുൻനിര പദ്ധതികൾ ആരംഭിക്കുന്നതിനുള്ള ഒരു വേദിയായി സ്വാതന്ത്രദിന പ്രഭാഷണങ്ങൾ പലപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്.പ്രധാനമന്ത്രി ആയതിന് ശേഷം 2014 മുതൽ തുടങ്ങിയ പ്രഭാഷണങ്ങളിൽ വിഷയങ്ങളിലെ ഊന്നൽ വർഷംതോറും വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാം. 2016-ന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗമായ 2024-ൽ മോദി യുവാക്കളെയും നൈപുണ്യ വികസനത്തെയും കുറിച്ച് 30 തവണയും, സാങ്കേതികവിദ്യയെക്കുറിച്ച് 27 തവണയും, വിക്ഷിത് ഭാരത് (വികസിത ഇന്ത്യ) എന്ന് 13 തവണയും പരാമർശിച്ചു. ഇതേവർഷം തന്നെയാണ് ഇന്ത്യയിൽ നിന്ന് പുറം രാജ്യങ്ങളിലേക്ക് പോകുന്ന ആളുകളുടെ എന്നതിൽ ഗണ്യമായ വർധനവ് ഉണ്ടായതും തൊഴിൽ രഹിതരായ യുവാക്കളുടെ എണ്ണം വർധിച്ചതും എന്നത് ശ്രദ്ധേയമാണ്. ഇതിനു വിപരീതമായി, 8,274 വാക്കുകളുള്ള മോദിയുടെ 2015-ലെ പ്രസംഗത്തിൽ കർഷകരെയും കൃഷിയെയും കുറിച്ചുള്ള 49 പരാമർശങ്ങളും അഴിമതിയെക്കുറിച്ചുള്ള 18 പരാമർശങ്ങളും ഉൾപ്പെടുന്നു.അഴിമതി ഒരു ആവർത്തിച്ചുള്ള വാക്കായി മോദി എപ്പോഴും ഉപയോഗിക്കാറുണ്ട്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്റെ പ്രഭാഷണങ്ങളിൽ ഭരണം, ഐക്യം, സാമ്പത്തിക വിഷയങ്ങൾ എന്നിവയിലുടനീളം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിർദ്ദിഷ്ട വിഷയങ്ങളുടെ ആവർത്തനം പരമാവധി കുറക്കുകയും ചെയ്തു. ഇതിൽ നിന്ന് നേരെ വിപരീതമായി മോദിയുടെ പ്രസംഗങ്ങൾ ദൈർഘ്യമേറിയതും, വാക്കുകൾ ആവർത്തിക്കുന്നതുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button