ബിജെപിക്ക് വോട്ട് ചെയ്യാത്തതിൽ രാഷ്ട്രീയ പകപോക്കൽ’; കൊൽക്കത്തയിലെ മുസ്ലിം കോളനിയിൽ കുടിവെള്ളം നിലച്ചിട്ട് മൂന്ന് മാസം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള കോസിപ്പൂർ ജ്യോതിനഗർ കോളനിയിലെ അയ്യായിരത്തോളം വരുന്ന മുസ്ലിം നിവാസികൾക്ക് കുടിവെള്ളം നിഷേധിക്കപ്പെട്ടിട്ട് 90 ദിവസങ്ങൾ പിന്നിടുന്നു. 2026 മെയ് 29 മുതലാണ് ഇവിടേക്കുള്ള ജലവിതരണം പൂർണമായും നിർത്തിവെച്ചതെന്ന് ‘ദ വയർ’ റിപ്പോർട്ട് ചെയ്യുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് കുടിവെള്ളം എന്നിരിക്കെയാണ് ഇവിടുത്തുകാർ ഈ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്നത്. കോളനിയിലെ അഞ്ച് കുടിവെള്ള ടാപ്പുകളുടെ കണക്ഷനുകളാണ് വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്. ബിജെപിക്ക് വോട്ട് ചെയ്യാത്തതിന്റെ പേരിലുള്ള രാഷ്ട്രീയ പകപോക്കലാണ് ഇതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. തങ്ങൾ മുസ്ലിംകൾ ആയതിനാലും ബിജെപിക്ക് വോട്ട് ചെയ്യാത്തതിനാലുമാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നതെന്ന് അവർ പറയുന്നു. പ്രാദേശിക എംഎൽഎ ആയ റിതേഷ് തിവാരിയാണ് ഇതിന് ഉത്തരവിട്ടതെന്നും ജനങ്ങൾ ആരോപിക്കുന്നു. എന്നാൽ, ഈ പ്രദേശം കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ ഭൂമിയാണെന്നും അവിടെ അനധികൃതമായി കയ്യേറി താമസിക്കുന്നവരാണ് ഇവരെന്നുമാണ് എംഎൽഎയുടെ വാദം. കോടതിയെ സമീപിക്കാനാണ് അദ്ദേഹം ഇവർക്ക് നൽകിയ മറുപടി.കോളനിയിലെ കുടിവെള്ളം മുട്ടിയതോടെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. കുടിവെള്ളത്തിനായി ഒന്നര കിലോമീറ്ററോളം നടക്കേണ്ട അവസ്ഥയിലാണ് ഇവിടുത്തെ പെൺകുട്ടികൾ. കുളിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കുമായി മാലിന്യങ്ങൾ നിറഞ്ഞ ഗംഗാ നദിയെയാണ് ഇവർക്ക് ഇപ്പോൾ ആശ്രയിക്കേണ്ടി വരുന്നത്. നദീതീരത്ത് പുറത്തുനിന്നുള്ളവരും ക്ഷേത്രദർശനത്തിന് എത്തുന്നവരുമായ നിരവധി ആളുകളുടെ സാന്നിധ്യമുള്ളതിനാൽ സ്ത്രീകളുടെ സുരക്ഷയും വലിയൊരു ചോദ്യചിഹ്നമായി മാറുകയാണ്. ഇതിലും ദയനീയമായ മറ്റൊരു സംഭവം സമീപദിവസങ്ങളിൽ ഇവിടെ അരങ്ങേറി. മരിച്ച ഒരാളുടെ അന്ത്യകർമങ്ങൾക്കായി മൃതദേഹം കുളിപ്പിക്കാൻ ശുദ്ധജലം ലഭിക്കാത്തതിനാൽ നദിയിലെ മലിനജലം ഉപയോഗിക്കേണ്ടി വന്നു.ജ്യോതിനഗർ കോളനിക്ക് 500 മീറ്റർ മാത്രം അകലെയുള്ള ഹിന്ദു കോളനിയിൽ നിന്നുള്ളവർ തങ്ങളാൽ കഴിയുന്ന രീതിയിൽ ഇവർക്ക് വെള്ളം നൽകി സഹായിക്കുന്നുണ്ട്. എന്നാൽ തങ്ങളുടെ കുടിവെള്ള കണക്ഷനും അധികൃതർ റദ്ദാക്കുമോ എന്ന ഭയം അവരെയും വേട്ടയാടുന്നുണ്ട്. നിലവിൽ ‘ഹോപ്പ്’ എന്ന പേരിലുള്ള ഒരു സ്വകാര്യ സന്നദ്ധ സംഘടന മാത്രമാണ് ഇവിടുത്തെ ചെറിയ കുട്ടികൾക്ക് ദിവസത്തിൽ ഒരു നേരം ഭക്ഷണവും വെള്ളവും എത്തിച്ച് നൽകുന്നത്.പലതവണ അധികാരികളെയും പൊലീസിനെയും സമീപിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് നാട്ടുകാർ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പത്ത് ദിവസങ്ങൾക്ക് മുൻപ് പ്രദേശവാസികൾ റിട്ട് ഹരജി ഫയൽ ചെയ്തെങ്കിലും കോടതി ഇതുവരെ വാദം കേൾക്കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചിട്ടില്ല. വയോധികരും രോഗികളും കുട്ടികളും ഉൾപ്പെടെ അയ്യായിരത്തോളം മനുഷ്യർ ഒരു തുള്ളി ദാഹജലത്തിനായി തങ്ങളുടെ നിയമപോരാട്ടം തുടരുകയാണ്.





