പൂന്തുറ ഷിബിലി വധക്കേസ്; ഒന്നാം സാക്ഷിയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍

പൂന്തുറ: പൂന്തുറ ഷിബിലി വധക്കേസിലെ ഒന്നാം സാക്ഷിയായ ബീമാപളളി സ്വദേശി റിയാസിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേരെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. ഷിബിലി വധക്കേസിലെ ഒന്നാം പ്രതി ബീമാപളളി സ്വദേശി മുഹമ്മദ് ഇനാസ് (32), ഇയാളുടെ സുഹൃത്ത് ബീമാപളളി സ്വദേശി ഫൈസല്‍ ഖാന് (49) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചക്ക് 2.30ഓടെ ബീമാപളളിക്ക് സമീപത്ത് സ്കൂട്ടറില്‍ വന്ന ഇനാസും, സുഹൃത്ത് ഫൈസല്‍ ഖാനും റിയാസിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ റിയാസ് ഓടി രക്ഷപ്പെട്ടു. 2024 ഓഗസ്റ്റ് 15ന് രാത്രിയിലായിരുന്നു നിരവധി കേസുകളിലെ പ്രതിയായ ബീമാപളളി സദാം നഗറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഷിബിലിയെ (32) ഇയാളുടെ സുഹൃത്തുക്കളായ മുഹമ്മദ് ഇനാസും അയാളുടെ സഹോദരന് ഇനാദും ചേര്‍ന്ന് പൂന്തുറ ചെറിയതുറ കടപ്പുറത്തിനു സമീപത്തുവെച്ച് മര്‍ദിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം റിമാന്‍ഡില്‍ കഴിഞ്ഞുവരികയായിരുന്ന മുഹമ്മദ് ഇനാസ് അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇതിനിടെയാണ് ഒന്നാം സാക്ഷിയായ റിയാസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. റിയാസ് നല്കിയ പരാതിയില്‍ കേസെടുത്ത പൊലീസ് ബിമാപളളി ഭാഗത്തുനിന്നുമാണ് ഇനാസിനെയും ഫൈസല്‍ ഖാനെയും അറസ്റ്റ് ചെയ്തത്. പൂന്തുറ എസ്.എച്ച്.ഒ സജീവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുനില്‍, ശ്രീജേഷ്, ജൂനിയര്‍ എസ്.ഐ നവീന്‍, സി.പി.ഒ മാരായ ദീപക്, സനല്‍, രാജേഷ്, സ്പെഷല്‍ ബ്രാഞ്ച് സി.പി.ഒ അനീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
