CrimeNational

ബലാത്സംഗക്കേസില്‍ പ്രജ്ജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം; ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയുടേതാണ് വിധി

ബംഗളൂരു: ബലാത്സംഗക്കേസില്‍ ജെ.ഡി.എസ് മുന്‍ എം.പി പ്രജ്ജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവുശിക്ഷ. ബംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പത്ത് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അതിജീവിതക്ക് നഷ്ടപരിഹാരമായി ഏഴ് ലക്ഷം രൂപ നൽകാനും കോടതി ഉത്തരവിട്ടു. കേസിൽ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വൽ. ഹാസനിലെ പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലിക്കാരിയായ 48കാരി നല്‍കിയ പരാതിയിലെടുത്ത കേസിലാണ് ശിക്ഷാ വിധി. രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് കേസ്. വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 26 തെളിവുകള്‍ നേരത്തെ കോടതി പരിശോധിച്ചിരുന്നു.കഴിഞ്ഞ വർഷം ഏപ്രിലിൽ പ്രജ്വല്‍ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രജ്വൽ ഉൾപ്പെട്ട ലൈംഗിക വിഡിയോകൾ അടങ്ങിയ പെൻഡ്രൈവ് പ്രചരിച്ചത്. ഹാസന്‍ ലോക്‌സഭാ മണ്ഡലത്തിലെ ജെ.ഡി.എസ് സ്ഥാനാര്‍ഥിയായിരുന്നു പ്രജ്വല്‍. ദൃശ്യങ്ങള്‍ പുറത്തായതോടെ, വോട്ടെടുപ്പു നടന്ന ദിവസം രാത്രി സിറ്റിങ് എം.പിയായിരുന്ന പ്രജ്വല്‍ ജർമനിയിലേക്ക് കടന്നു. തിരിച്ചുവന്നപ്പോള്‍ ബംഗളൂരു വിമാനത്താവളത്തില്‍വെച്ച് കഴിഞ്ഞവര്‍ഷം മേയ് 31നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. തെരഞ്ഞെടുപ്പിൽ പ്രജ്വൽ 42,000ത്തിലേറെ വോട്ടുകൾക്ക് തോറ്റു. പ്രജ്വലിനെതിരേ മൊഴികൊടുക്കുന്നത് ഒഴിവാക്കാന്‍ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയതിന് പ്രജ്ജ്വലിന്റെ പിതാവും എം.എൽ.എയുമായ എച്ച്.ഡി. രേവണ്ണയുടെയും അമ്മ ഭവാനി രേവണ്ണയുടെയും പേരിലും പൊലീസ് കേസെടുത്തിരുന്നു. രേവണ്ണയെ അറസ്റ്റുചെയ്യുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമായിരുന്നു. ജൂലായ് 18ന് വാദംപൂര്‍ത്തിയാക്കിയ കേസില്‍ ബുധനാഴ്ച വിധിപറയാനായി മാറ്റിയിരുന്നെങ്കിലും ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ട് ചില കാര്യങ്ങളില്‍ വ്യക്തത തേടുകയും വിധിപ്രസ്താവം വെള്ളിയാഴ്ചത്തേക്ക് മാറ്റിവെക്കുകയുമാണ് ഉണ്ടായത്. കേസില്‍ തെളിവായി ഹാജരാക്കിയ ഗൂഗ്ള്‍ മാപ്പ് വിവരങ്ങള്‍ പരിഗണിക്കാന്‍ കഴിയുന്നതാണോയെന്നാണ് കോടതി ആദ്യം ആരാഞ്ഞത്. തെളിവായി ഹാജരാക്കിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ചും വ്യക്തത തേടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button