രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്; സമ്മേളനം നാളെ മുതൽ, രാഹുൽ വരുമോ..?

തിരുവനന്തപുരം: ലൈംഗികാരോപണത്തിന്റെ പേരിൽ കോൺഗ്രസ് അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് നിയമസഭയിൽ പ്രത്യേക േബ്ലാക്ക് അനുവദിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് നിയമ സഭ സ്പീക്കർ എ.എൻ ഷംസീർ അറിയിച്ചു. നിയമസഭയിൽ പ്രതിപക്ഷ നിരയിൽ മറ്റൊരു േബ്ലാക്കാവും അദ്ദേഹത്തിന് അനുവദിക്കുന്നത്. രാഹുലിന് സഭയിൽ വരുന്നതിന് തടസ്സമില്ല. എന്നാൽ, ഇക്കാര്യം തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. ഇതുവരെ എം.എൽ.എ അവധി അപേക്ഷ നൽകിയിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു. പാലക്കാട് എം.എൽ.എയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗിക ആരോപണം ഉൾപ്പെടെ ഒട്ടേറെ വിവാദങ്ങൾക്കിടെ തിങ്കളാഴ്ചയാണ് നിയമസഭ സമ്മേളനത്തിന് തുടക്കമാവുന്നത്. ഒക്ടോബർ 10 വരെയാണ് സഭ സമ്മേളനം. ലൈംഗിക ആരോപണത്തിനു പിന്നാലെ ഭരണകക്ഷി സംഘടനകളുടെയും ബി.ജെ.പിയുടെയും ശക്തമായ പ്രതിഷേധമാണ് രാഹുലിനെതിരെ ഉയർന്നത്. ആരോപണത്തിനു പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെച്ച രാഹുലിന്റെ പാർട്ടി അംഗത്വവും റദ്ദാക്കിയിരുന്നു. എം.എൽ.എ സ്ഥാനം രാജിവെക്കാൻ ആവശ്യമുയർന്നെങ്കിലും ഉപതെരഞ്ഞെടുപ്പ് സാഹചര്യമൊഴിവാക്കാൻ രാജിയിൽ നിന്നും കോൺഗ്രസ് പിൻവാങ്ങുകയായിരുന്നു. ശക്തമാവുന്ന വിവാദങ്ങൾക്കിടെ രാഹുൽ സഭ സമ്മേളനത്തിൽ പങ്കെടുക്കാനെത്തുമോയെന്നാണ് ഇനിയുള്ള ചോദ്യം. സഭയിൽ എത്തിയാലും ഇല്ലെങ്കിലും രാഹുൽ തന്നെയാവും ഭരണപക്ഷത്തിന്റെ പ്രധാന ആയുധം. പൊലീസ് സ്റ്റേഷനുകളിലെ മർദനങ്ങൾ ഉയർത്തികാട്ടിയാവും പ്രതിപക്ഷത്തിന്റെ പ്രതിരോധം. അതിനിടെ, രാഹുൽ യു.ഡി.എഫിന്റെ ഭാഗമല്ലെന്ന് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസവും ആവർത്തിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് രാഹുലിനെ സസ്പെൻഡ് ചെയ്തതെന്നും മാധ്യമങ്ങളോടായി അദ്ദേഹം വ്യക്തമാക്കി.
