റിയാസിന് അനധികൃത സമ്പാദ്യം, 20.5 കോടി എവിടെനിന്ന്?; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയിക്കുന്നതായും ഇ.ഡി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ, 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നും ഇതിൽ ഒരു ഭാഗം ദുബായിലേക്കു കടത്തിയെന്നും സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ കത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചൂണ്ടിക്കാട്ടുന്നു.

ഹവാല ഇടപാടും സംശയിക്കുന്നതായി ഇ.ഡി കത്തിൽ സൂചിപ്പിക്കുന്നു. 2024–25ലെ പണമിടപാടിന്റെ വിവരങ്ങൾ, തെളിവുകൾ, മൊഴികൾ, രേഖകൾ എന്നിവ 25 പേജുള്ള കത്തിലുണ്ടെന്ന് ഇ.ഡി കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു.

ദുബായിൽ കമ്പനി സ്ഥാപിക്കാനും ബിസിനസ് നടത്താനും മറ്റുമാണു പണം കടത്തിയതെന്നു മൊഴിലഭിച്ചതായി കത്തിൽ പറയുന്നു.

ഈ തുക കൈക്കൂലിയായി ലഭിച്ചതാവാമെന്നതിനാൽ വിശദ അന്വേഷണം ആവശ്യമാണെന്ന ശുപാർശയോടെയാണു ഡിജിപി റാവാഡ എ.ചന്ദ്രശേഖറിനു കത്തുനൽകിയത്. 

റിയാസിന്റെ ഭാര്യയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ ടി.വീണ, ഷൈജൽ മുഹമ്മദ്, പി.നിഖിൽ, ഹസൻ വാരീസ്, വി.പി.ഫൈജാസ്, എം.നന്ദുലാൽ എന്നിവർ ഹവാല ഇടപാടിൽ പങ്കാളികളായതായി ഇ.ഡി ചൂണ്ടിക്കാട്ടി. ഇടപാടു നടന്ന സമയത്ത് വീണ ദുബായിൽ 2 ആഴ്ച താമസിച്ച രേഖകളും കത്തിലുണ്ട്.

ഷൈജൽ, നിഖിൽ, വാരീസ് അടക്കമുള്ളവരാണു ഹവാല ഇടപാടിനു നേതൃത്വം നൽകിയതായി ഇ.ഡി സൂചിപ്പിക്കുന്നത്.

ദുബായിലേക്കു പണം കടത്തിയ രീതിയെക്കുറിച്ച് ഇവരുടെ വെളിപ്പെടുത്തലും കത്തിൽ വിശദീകരിക്കുന്നു. വീണ വഴി, സിഎംആർഎലിൽനിന്ന് പലപ്പോഴായാണു പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയതെന്നും കത്തിൽ പറയുന്നു. 

സിഎംആർഎൽ – എക്സാലോജിക് ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിക്കുന്നതിനിടെ, റിയാസുമായി അടുപ്പമുള്ളവരുടെ വീടുകളിൽ നടത്തിയ റെയ്ഡിലാണു ഹവാല വിവരങ്ങൾ അറിഞ്ഞതെന്നാണ് ഇ.ഡി കേന്ദ്രങ്ങൾ വ്യക്തമാക്കിയത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button