അപ്പോ എങ്ങനെയാ ഞാൻ അല്ലേ നായകൻ? നിന്നെ വേണേൽ വില്ലൻ ആക്കാം’; പുതിയ നിർമാണ കമ്പനിയുമായി ബേസിൽ

‘
സംവിധായകനായും നടനായും മികവ് തെളിയിച്ച ബേസില്‍ ജോസഫ് സിനിമ നിര്‍മാണത്തിലേക്ക്. ബേസിൽ ജോസഫിന്‍റെ പുതിയ നിർമാണ കമ്പനിയാണ് ഇപ്പോൾ സോഷ്യലിടത്തിൽ ചർച്ച ചെയ്യുന്നത്. ബേസിൽ ജോസഫ് എന്റർടെയിൻമെന്റ്സ് എന്ന് പേരിൽ കമ്പനി ആരംഭിച്ച വിവരം ബേസിൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. രസകരമായ അനിമേഷൻ വിഡിയോയിലൂടെയാണ് പുതിയ നിർമാണ കമ്പനി ആരംഭിക്കുന്ന വിവരം ബേസിൽ പങ്കുവച്ചത്. ചരിഞ്ഞ പിസാ ഗോപുരം നേരെയാക്കാന്‍ ശ്രമിക്കുന്ന കുഞ്ഞു സൂപ്പര്‍ഹീറോയുടെ ആനിമേഷൻ വിഡിയോയാണ് ബേസിൽ പങ്കുവെച്ചത്. കൂളിങ് ഗ്ലാസ് ധരിച്ച് കൈയില്‍ കോലുമിഠായിയും തലയിൽ മിന്നൽ മുരളിയുടെ റഫൻസുമായി നിൽക്കുന്ന കുഞ്ഞ് സൂപ്പർഹീറോയാണ് നിർമാണ കമ്പനിയുടെ ലോഗോ. ബേസിലിന്റെ സ്വതസിദ്ധമായ ചിരിയും വിഡിയോയിൽ കേൾക്കാം.‘വീണ്ടും പുതിയൊരു തുടക്കം. ഇതുവരെ ചെയ്യാത്തൊരു കാര്യം പരീക്ഷിക്കുകയാണ്. സിനിമ നിര്‍മാണം. ‘എങ്ങനെ’ എന്ന് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ് പക്ഷേ ഒന്നുറപ്പാണ്. കൂടുതൽ മികച്ചതും ധീരവും, പുതുമയുള്ളതുമായ കഥകൾ പറയണം. ഈ പുതിയ വഴി നമ്മളെ എവിടെയെത്തിക്കുമെന്ന് നോക്കാം. ബേസിൽ ജോസഫ് എന്റർടെയിൻമെന്റിലേക്ക് സ്വാഗതം.’ എന്നാണ് ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.പോസ്റ്റിൽ ആദ്യ കമന്റ് ടൊവീനോയുടെയാണ്. ‘അപ്പോ എങ്ങനെയാ? ആദ്യത്തെ പ്രൊഡക്ഷൻ ഞാൻ അല്ലേ നായകൻ?’ എന്നാണ് ടൊവീനോയുടെ കമന്റ്. ഉടൻ മറുപടിയുമായി ബേസിലുമെത്തി. ‘ആദ്യത്തെ പടത്തിൽ ഞാൻ തന്നെ നായകൻ. നിന്നെ വേണേൽ വില്ലൻ ആക്കാം’ എന്നാണ് ബേസിലിന്റെ മറുപടി. ടൊവിനോയും ഉടനെ ബേസിലിന് മറുപടി നൽകിയിട്ടുണ്ട്. ‘ഇടി പടം ആണോ? നിന്നെ നല്ല ഇടി ഇടിക്കാൻ അവസരം ഉണ്ടെങ്കിൽ വില്ലൻ ആവാനും മടിക്കില്ല ഞാൻ’ എന്നാണ് ടൊവിനോ പറയുന്നത്. ബോളിവുഡ് താരം രൺവീർ സിങ്, നിഖില വിമൽ, ആന്റണി പെപ്പെ തുടങ്ങി നിരവധി സെലിബ്രിറ്റികൾ ബേസിലിന് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. ബേസിൽ ജോസഫ് എന്റർടെയിൻമെന്റ്സിന്റെ ആദ്യ സിനിമ ‘മിന്നൽ മുരളി 2’ ആയിരിക്കുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. സംവിധായകനായും അഭിനേതാവുമായി കഴിവ് തെളിയിച്ച ബേസിലിന്‍റെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം മരണമാസ് ഏറെ ഹിറ്റായ ഒന്നായിരുന്നു.
