ഹൃദയാഘാതത്തെ തുടർന്ന്അച്ഛൻ മരിച്ചതറിഞ്ഞ് തൊട്ടുപിന്നാലെ മകനും മരിച്ചു

എടക്കര: ഹൃദയാഘാതത്തെ തുടർന്ന് പിതാവും തൊട്ടുപിന്നാലെ മകനും മരിച്ചു. ചുങ്കത്തറ എരുമമുണ്ട വില്ലേജ് ഓഫിസിനു സമീപം പുത്തൻപുരയ്ക്കൽ തോമസ് (78), മകൻ ടെൻസ് തോമസ് (48) എന്നിവരാണ് കുഴഞ്ഞുവീണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. അർബുദബാധിതനായ തോമസിനെ രോഗം കലശലായതിനെത്തുടർന്ന് ചൊവ്വാഴ്ച 11 മണിയോടെ എരുമമുണ്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാവിലെ തോട്ടത്തിൽ ടാപ്പിങ്ങിനു പോയ ടെൻസ് വിവരമറിഞ്ഞ് ആശുപത്രിയിലെത്തി പിതാവിന്റെ മരണം സ്ഥിരീകരിക്കാൻ ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയാറെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ടെൻസിനെ കാറിൽ ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ മരിച്ചു. ഇതേ ആശുപത്രിയിലെത്തിച്ച് തോമസിന്റെ മരണവും സ്ഥിരീകരിച്ചു. ഏലിയാമ്മയാണ് തോമസിന്റെ ഭാര്യ. നിഷയാണ് ടെൻസ് തോമസിന്റെ ഭാര്യ: മക്കൾ: അഭിഷേക്, അജിത്ത്, അയന. ഇരുവരുടെയും സംസ്കാരം ബുധനാഴ്ച മുട്ടിയേൽ സെന്റ് അൽഫോൻസ ദേവാലയ സെമിത്തേരിയിൽ നടത്തി.
