Sports

ക്രിക്കറ്റിലെ വിചിത്ര സംഭവം! സ്വന്തം ടീമിലെ എല്ലാവരേയും റിട്ടയേര്‍ഡ് ഔട്ടാക്കി യുഎഇ ടീം

ബാങ്കോക്ക്: ടി20 അന്താരാഷ്ട്ര മത്സരത്തിനിടെ ഒരു ടീമിലെ എല്ലാ താരങ്ങളും റിട്ടയേര്‍ഡ് ഔട്ടാകുമോ? അത്തരമൊരു വിചിത്ര നീക്കം നടത്തിയിരിക്കുകയാണ് യുഎഇ വനിതാ ടി20 ടീം. 2025ലെ വനിതാ ടി20 ലോകകപ്പിനുള്ള ഏഷ്യന്‍ ക്വാളിഫയേഴ്‌സ് മത്സരത്തിനിടെയാണ് അത്തരത്തില്‍ ഒരു നീക്കമുണ്ടായത്. ബാങ്കോക്കിലെ ടെര്‍ദ്തായ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഖത്തറിനെതിരായ മത്സരത്തില്‍ യുഎഇ മുഴുവന്‍ ടീമംഗങ്ങളേയും റിട്ടയര്‍ ചെയിപ്പിച്ചു. മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതിന് ശേഷമായിരുന്നു ഈ നിക്കം.  ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച യുഎഇക്ക് ഓപ്പണര്‍മാരായ തീര്‍ത്ഥ സതീഷും ക്യാപ്റ്റന്‍ ഇഷ രോഹിത് ഓസയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. 16 ഓവറില്‍ ആദ്യ വിക്കറ്റില്‍ 192 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഖത്തര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി ഇരുവരും. ഇഷ 55 പന്തില്‍ 113 റണ്‍സ് നേടി. 14 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. 74 റണ്‍സ് നേടിയ തീര്‍ത്ഥ 42 പന്തില്‍ 74 റണ്‍സ് നേടി. 11 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഇതിനിടെയാണ് മത്സരത്തിന് മഴ ഭീഷണി ഉണ്ടായത്.

ടെസ്റ്റിലേത് പോലെ ഡിക്ലറേഷന്‍ ടി20യില്‍ ഇല്ലാത്തതിനാല്‍ യുഎഇ മുഴുവന്‍ ടീമിനേയും റിട്ടയേര്‍ഡ്് ഔട്ട് ചെയ്യിപ്പിക്കുകയായിരുന്നു. ഇന്നിംഗ്‌സ് ഡിക്ലറേഷന്‍ സാധ്യമാവാത്തതിനാല്‍ ഓരോ താരങ്ങള്‍ ഗ്രൗണ്ടിലെത്തിയ ശേഷം റിട്ടയേര്‍ഡ് ഔട്ട് ആവുകയായിരുന്നു. മത്സരത്തില്‍ യുഎഇ ജയിക്കുകയും ചെയ്തു. 11.1 ഓവറില്‍ ഖത്തറിനെ 29 റണ്‍സിന് പുറത്താക്കിയ യുഎഇ 163 റണ്‍സിന് മത്സരം ജയിക്കുകയായിരുന്നു. ബാറ്റിംഗിനെ പിന്നാലെ പന്തെടുത്തപ്പോള്‍ ഒരു വിക്കറ്റ് വീഴ്ത്തിയ ഇഷ തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.  നാല് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇടംകൈയ്യന്‍ സ്പിന്നര്‍ മിഷേല്‍ ബോത്തയാണ് ബൗളര്‍മാരില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. കാറ്റി തോംസണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷ, ഹീന ഹോട്ട്ചന്ദാനി, ഇന്ദുജ നന്ദകുമാര്‍, വൈഷ്ണവി മഹേഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ കളിച്ച രണ്ട് മത്സരങ്ങളും യുഎഇ ജയിച്ചു. ഫലമായി നാല് പോയിന്റും +6.998 നെറ്റ് റണ്‍ റേറ്റും നേടി യുഎഇ ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ആദ്യ മത്സരത്തില്‍ മലേഷ്യയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിക്കാന്‍ യുഎഇക്ക് സാധിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button