സ്റ്റേ കമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി എറപറമ്പൻ ശിഹാബുദ്ദീൻ്റെ മകൻ ജുനൈദ് (13) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 10.30 ഓടെ വീടിന് സമീപത്തെ വയലിൽ വെച്ചായിരുന്നു അപകടം. വയലിൽ മീൻപിടിക്കാൻ പോയതായിരുന്നു ജുനൈദ്. ഇതിനിടെ പോസ്റ്റിലെ പൊട്ടിക്കിടന്ന സ്റ്റേ കമ്പിയിൽ പിടിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു.
കെഎസ്ഇബിയുടെ അനാസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. വൈദ്യുത പോസ്റ്റിലെ സ്റ്റേ കമ്പിയുടെ ഒരു ഭാഗം അലൈന്മെന്റ് തെറ്റി ഹൈവോള്‍ട്ടേജ് ലൈനില്‍ തൊട്ടുനില്ക്കുന്ന നിലയിലായിരുന്നുവെന്നും ഇതേക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ നാട്ടുകാരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്.





