ഒരു ഉറുമ്പിന് 25,000 രൂപവരെ, വാങ്ങുന്നത് 65 രൂപയ്ക്ക്!; പിടികൂടിയത് 2,000 ജീവനുള്ള ഉറുമ്പുകളെ, പിന്നിൽ കോടികളുടെ കച്ചവടം
കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഒരു കള്ളകടത്തുവേട്ടയാണ് ഇപ്പോൾ വാർത്തയിൽ നിറഞ്ഞിരിക്കുന്നത്. ഏപ്രിൽ 15ന് കെനിയൻ കോടതി ചൈനീസ് പൗരനായ ഷാങ് കെക്വന് ഒരു വർഷം തടവും ഒരു ദശലക്ഷം കെനിയൻ ഷില്ലിംഗ് (ഏകദേശം 6.5 ലക്ഷം രൂപ) പിഴയും വിധിച്ച കേസ് വാർത്തയിൽ ഇടപിടിക്കുന്നത്. കള്ളക്കടത്തുകാരിൽ നിന്ന് പിടിച്ച വിലപിടപ്പുള്ള വസ്തുവും അതിൻ്റെ വിലയും പുറത്തറിഞ്ഞതോടെയാണ്. ചൈനയിലേക്ക് കൊണ്ടുപോകാൻ കൊണ്ടുവന്ന ലഗേജിൽ നിന്ന് പ്രത്യേക ട്യൂബുകളിലായി 2,200 ലധികം ജീവനുള്ള ഉറുമ്പുകളെയാണ് അധികൃതർ കണ്ടെത്തിയത്. അതിൽ 1,948 ഭീമൻ ആഫ്രിക്കൻ മെസ്സർ സെഫലോട്ടുകളും ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ഹാർവെസ്റ്റർ ഉറുമ്പുകളുടെ വിഭാഗത്തിൽപ്പെട്ട ഉറുമ്പുകളാണ് ‘മെസ്സർ സെഫാലോട്ട്സ്’. ഇവയ്ക്ക് ഏകദേശം ഒരു ഇഞ്ച് വരെ നീളം വരും. കെനിയയിൽ ഉറുമ്പ് കള്ളക്കടത്ത് കേസുകൾ വർധിച്ചുവരുന്നതിനാലും വ്യാപാരത്തിന്റെ പാരിസ്ഥിതിക ആഘാതത്താലും പ്രതിരോധ നടപടി ആവശ്യമാണെന്ന് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് ഐറിൻ ഗിച്ചോബി പറഞ്ഞു . കെനിയയിൽ ഒരു വർഷത്തിനിടയിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമായിരുന്നു ഇത്. നേരത്തേ രണ്ട് ബെൽജിയൻ കൗമാരക്കാരും ഒരു വിയറ്റ്നാം പൗരനും സമാനമായ രീതിയിൽ ഉറുമ്പ് കടത്തിന് കെനിയയിൽ പിടിയിലായിരുന്നു. കെനിയ വൈൽഡ് ലൈഫ് സർവീസ് യൂറോപ്പിലും ഏഷ്യയിലും മെസ്സോർ സെഫാലോട്ടുകൾ എന്നറിയപ്പെടുന്ന പൂന്തോട്ട ഉറുമ്പുകളുടെ ആവശ്യകത വർധിച്ചുവരുന്നതിനെക്കുറിച്ച് കഴിഞ്ഞ വർഷം മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം പ്രാണികൾക്കായി വൻതുകയാണ് പ്രതിഫലം ലഭിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി ഇവയെ ‘ഫോർമിക്കാറിയം’ (formicariums) അഥവാ ആൻ്റ് ഫാമുകളിൽ സൂക്ഷിക്കുന്നു. ചൈനയിലെ ഓൺലൈൻ ഉറുമ്പ് വിൽപ്പന മൂലമുണ്ടാകുന്ന ജൈവ അധിനിവേശ (biological invasion) സാധ്യതകളെക്കുറിച്ച് 2023-ൽ പുറത്തുവന്ന ഒരു പഠനം വ്യക്തമാക്കുന്നത്, 2021-ൽ ഒരു ആറുമാസക്കാലയളവിനുള്ളിൽ ഇൻ്റർനെറ്റിലൂടെ രാജ്യത്ത് വ്യാപാരം ചെയ്യപ്പെട്ട വിദേശ ഇനം ഉറുമ്പുകളിൽ ഏറ്റവും ജനപ്രീതിയുള്ള മൂന്നാമത്തെ ഇനം മെസ്സർ സെഫാലോട്ട്സ് ആയിരുന്നു എന്നാണ്. കെനിയയിലെ ഈ അനധികൃത വ്യാപാരത്തിന്റെ വ്യാപ്തി വ്യക്തമായത് കഴിഞ്ഞ വർഷമാണ്. വിനോദസഞ്ചാരികൾക്കിടയിൽ ഏറെ ജനപ്രിയമായ, നൈവാഷ (Naivasha) എന്ന പട്ടണത്തിലെ ഒരു ഗസ്റ്റ് ഹൗസിൽ നിന്നും ജീവനുള്ള 5,000 ഹാർവെസ്റ്റർ ഉറുമ്പ് റാണികളെ (giant harvester ant queens) കണ്ടെത്തുകയുണ്ടായി. ഇവയിൽ ഭൂരിഭാഗവും ഗിൽഗിൽ (Gilgil) പ്രദേശത്തുനിന്നും ശേഖരിച്ചവയായിരുന്നു. കെനിയ വൈൽഡ്‌ലൈഫ് സർവീസിന്റെ (KWS) കണക്കനുസരിച്ച്, ബെൽജിയം, വിയറ്റ്നാം, കെനിയ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതികൾ ഈ ഉറുമ്പുകളെ ടെസ്റ്റ് ട്യൂബുകളിലും സിറിഞ്ചുകളിലുമായി നനഞ്ഞ പഞ്ഞി ഉപയോഗിച്ചാണ് സൂക്ഷിച്ചിരുന്നത്. ഇവയെ യൂറോപ്പിലേക്കും ഏഷ്യയിലേക്കും കൊണ്ടുപോയി വിൽപ്പനയ്ക്ക് വെക്കുക എന്നതായിരുന്നു ഇവരുടെ പദ്ധതി. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ആന്റ്സ് ആർ അസ്’ (Ants R Us) എന്ന റീട്ടെയ്‌ലർ സ്ഥാപനം, ഈ വലിയ ആഫ്രിക്കൻ ഹാർവെസ്റ്റർ ഉറുമ്പുകളെ പലരുടെയും സ്വപ്ന ഇനം (dream species) എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ നിലവിൽ വെബ്‌സൈറ്റിൽ ഈ ഇനം ലഭ്യമല്ല. വിതരണക്കാർക്ക് ഇവയെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് വെബ്‌സൈറ്റ് ഇതിന് കാരണമായി വിശദീകരിക്കുന്നത്. എന്താണ് ഉറുമ്പുകളുടെ പ്രത്യേകത? ആവാസവ്യവസ്ഥയിൽ നിന്ന് നീക്കം ചെയ്യുന്നത് മണ്ണിന്‍റെ ആരോഗ്യത്തെയും ജൈവവൈവിധ്യത്തെയും തകർക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന ഇത്തരം ഉറുമ്പുകളെ ശേഖരിക്കുന്നവർ അവയെ വളർത്തുമൃഗങ്ങളായി വളർത്തുന്നുവെന്ന റിപ്പോര്‍ട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. ഉറുമ്പ് വളർത്തൽ ഒരു വിനോദമായി വളരുന്ന യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലും ‘മെസ്സർ സെഫലോട്ടുകൾ’ക്ക് വലിയ ഡിമാൻഡാണ്.ചുവപ്പും കറുപ്പും നിറമുള്ള ഇവയിൽ 25 മില്ലീമീറ്റർ വരെ വലുപ്പമുള്ള റാണികളും 19 മില്ലീമീറ്റർ വരെയുള്ള മറ്റ് ഉറുമ്പുകളെയും കാണാം. കെനിയയിൽ 100 ഷില്ലിങ് (ഏകദേശം 65 രൂപ) നൽകി വാങ്ങുന്ന ഒരു റാണി ഉറുമ്പിന് രാജ്യാന്തര വിപണിയിൽ ഏകദേശം 25,000 രൂപ വരെ വില ലഭിക്കുന്നു. കെനിയൻ വിലയുടെ 40 ഇരട്ടിയിലധികമാണിത്. വാതരോഗം പോലുള്ള അസുഖങ്ങൾക്ക് ഇവയെ ചൈനീസ് വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്നുണ്ട്. പുതിയ തരം ഔഷധങ്ങൾ നിർമിക്കാനുള്ള കഴിവുണ്ടോ എന്നതിനെക്കുറിച്ച് രാജ്യാന്തര തലത്തിൽ പഠനങ്ങൾ നടക്കുന്നു. ചിലയിടങ്ങളിൽ ഇവയെ ലൈംഗിക ഉത്തേജക വസ്തുക്കളായും (Aphrodisiacs) ഉപയോഗിക്കുന്നു. യൂറോപ്പിലെയും ഏഷ്യയിലെയും വിദേശ വളർത്തുമൃഗ വിപണികളും സമ്പന്ന ഭവനങ്ങളുമാണ് ഇത്തരം കടത്തു സംഘങ്ങളുടെ ലക്ഷ്യങ്ങൾ.





