പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു
എരുമേലി: പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു. കൊടിത്തോട്ടം സ്വദേശികളായ തടത്തിൽ സുധീഷിന്റെ മകൻ ആശേർ (15), ചീരംചേമ്പിൽ സന്തോഷിന്റെ മകൻ ആഷ്‌ലിൻ (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് സുഹൃത്തുക്കളായ ആറംഗ സംഘം കുളത്തിലെത്തിയത്. ഇവരിൽ മൂന്നുപേർ കുളത്തിലിറങ്ങിയതോടെ അപകടത്തിൽപെടുകയായിരുന്നു. ഒരാളെ കൂടെയുള്ളവർ രക്ഷപ്പെടുത്തിയെങ്കിലും ആശേറും ആഷ്‌ലിനും വെള്ളത്തിനടിയിലെ ചളിയിൽ കുടുങ്ങി. സുഹൃത്തുക്കൾ നിലവിളിച്ച് സമീപവാസികളെ വിവരമറിയിച്ചു. ഓടിയെത്തിയ നാട്ടുകാരും കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്‌നിരക്ഷ പ്രവർത്തകരും ചേർന്ന് ഏഴരയോടെ ഇരുവരെയും പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ആശേർ പ്ലസ് വൺ പഠനത്തിന് തയാറെടുക്കുകയായിരുന്നു. മാതാവ്: രഞ്ജു. സഹോദരി അബിയ. ആഷ്‌ലിൻ ഐ.ടി.ഐ വിദ്യാർഥിയാണ്. മാതാവ്: ലിസി. സഹോദരങ്ങൾ: ലിസ, ആഷ്ബിൻ.





