വിദ്യാർഥിയുമായി ലൈംഗികബന്ധം; യു.എസിൽ അധ്യാപിക പിടിയിൽ, 15 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം

മിഷിഗൺ: 16കാരനായ വിദ്യാർഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപിക കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. യു.എസിലെ മിഷിഗനിലാണ് സംഭവം. ഓക്സൈഡ് പ്രെപ് അക്കാദമി ഹൈസ്കൂള്‍ അധ്യാപികയായിരുന്ന ജോസ്ലീന് സാന്റൊമാന് (26) ആണ് കുറ്റക്കാരിയെന്ന് കോടതി വിധിച്ചത്. 15 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.2023ലാണ് സംഭവം. 16കാരനായ വിദ്യാർഥിയുമായി അധ്യാപിക ലൈംഗികബന്ധത്തിലേർപ്പെടുകയും ഈയിടെ ഇക്കാര്യം മറ്റൊരു അധ്യാപികയോട് പറയുകയുമായിരുന്നു. ഈ അധ്യാപികയാണ് വിവരം പൊലീസിൽ അറിയിച്ചത്. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ തന്‍റെ പദവി ദുരുപയോഗം ചെയ്ത് അധ്യാപിക ചൂഷണത്തിനിരയാക്കിയെന്ന് ഓക്ലാൻഡ് കൗണ്ടി പ്രോസിക്യൂട്ടർ കരെൻ മക്ഡോണാൾഡ് പറഞ്ഞു. അധ്യാപികയുടെ ഈ പ്രവൃത്തി രക്ഷിതാക്കളും പൊതുസമൂഹവും അധ്യാപകരിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന്‍റെ അങ്ങേയറ്റത്തെ തകർച്ചക്കിടയാക്കിയെന്നും അദ്ദേഹം പറഞ്ഞു. തേർഡ് ഡിഗ്രീ ക്രിമിനൽ കുറ്റമാണ് അധ്യാപികക്കെതിരെ പൊലീസ് ചുമത്തിയത്. ഇത് കോടതി ശരിവെച്ചാൽ പരമാവധി 15 വർഷം ജയിൽശിക്ഷ അനുഭവിക്കേണ്ടിവരും. യു.എസിൽ അധ്യാപകർ വിദ്യാർഥികളുമായി ലൈംഗിക താൽപര്യത്തോടെ പെരുമാറുന്ന സംഭവങ്ങൾ അസ്വസ്ഥതപ്പെടുത്തുന്ന രീതിയിൽ വർധിക്കുകയാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2014നും 2019നും ഇടയിൽ അധ്യാപകർ വിദ്യാർഥികളോട് മോശമായി പെരുമാറിയ 500 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
