Sports

രാജ്യത്തിന്‍റെ കണ്ണീരൊപ്പി വനിത ബേസ്ബോൾ ടീം; ആവേശപ്പോരിൽ പാകിസ്ഥാനെ മുട്ടുകുത്തിച്ചു

ബാങ്കോക്ക്: പഹൽഗാം ഭീകരാക്രമണത്തിൽ നടുങ്ങിയ ഇന്ത്യയ്ക്ക് സന്തോഷത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ച് വനിത ബേസ്ബോൾ ടീം. ബാങ്കോക്കിൽ നടന്ന ബിഎഫ്എ വനിതാ ബേസ്ബോൾ ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ വനിതാ ടീം പാകിസ്ഥാനെ മുട്ടുകുത്തിച്ചു. 2-1ന്റെ ആവേശകരമായ വിജയമാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്.  പഹൽഗാമിൽ നിരപരാധികളായ 26 പേർക്ക് ജീവൻ നഷ്ടപ്പെട്ട ദാരുണമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വിജയം എന്നത് ശ്രദ്ധേയമാണ്. അത്യന്തം വിഷമകരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ് പാകിസ്ഥാനെതിരെ വിജയിച്ച് ഇന്ത്യയുടെ പെൺപുലികൾ രാജ്യത്തിൻ്റെ അഭിമാനം വാനോളം ഉയർത്തിയിരിക്കുന്നത്. അവസാന നിമിഷം വരെ ഇരുടീമുകളും 1-1 എന്ന നിലയിൽ തുല്യത പാലിക്കുകയായിരുന്നു. തുടർന്ന് മത്സരം ടൈ ബ്രേക്കറിലേക്ക് നീണ്ടു. ഇന്ത്യയുടെ മികച്ച താരങ്ങളിലൊരാളായ ധരിത്രി ധൈര്യം സംഭരിച്ച് വിജയ റൺ നേടിയതോടെ ഇന്ത്യൻ ആരാധകർ ആഘോഷം തുടങ്ങി.  പഹൽ​ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിലെ കായിക ലോകം ഒറ്റക്കെട്ടായാണ് ഈ ക്രൂരമായ പ്രവൃത്തിയെ അപലപിച്ചത്. ഏപ്രിൽ 22 ന് നടന്ന പഹൽഗാം ആക്രമണത്തിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. 2019ലെ പുൽവാമ ആക്രമണത്തിന് ശേഷം കശ്മീർ താഴ്‌വരയിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേയ്ക്ക് കടന്നിരിക്കുകയാണ് ഇന്ത്യ. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button