National

അമിത വേഗത്തിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എതിർവശത്തു നിന്ന് ബസ്, പെട്ടെന്ന് വെട്ടിച്ച ഇന്നോവ തലകീഴായി മറിഞ്ഞത് ഏഴ് തവണ

ബംഗളുരു: അമിത വേഗത്തിലെത്തിയ ഇന്നോവ കാർ റോഡിൽ പെട്ടെന്ന് വെട്ടിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. കർണാടകയിലെ ദൊഡ്ഡബല്ലപ്പൂർ ജില്ലയിലാണ് ദാരുണമായ അപകടമുണ്ടായത്. എട്ട് സുഹൃത്തുക്കൾ ചേർന്ന് ക്ഷേത്ര ദർശനത്തിനായി നടത്തിയ യാത്രയാണ് അപകടത്തിൽ കലാശിച്ചത്. വാടകയ്ക്ക് എടുത്ത ഇന്നോവയിലായിരുന്നു യാത്ര.

രാവിലെ 10.45ഓടെ സംസ്ഥാന പാതയിലാണ് അപകടം സംഭവിച്ചത്. മരിച്ചവരും പരിക്കേറ്റവരുമെല്ലാം 50നും 75നും ഇടയിൽ പ്രായമുള്ള സുഹൃത്തുക്കളാണ്. വാടകയ്ക്കെടുത്ത കാറിൽ ക്ഷേത്ര ദർശനത്തിനായി പോകവെ ഇടുങ്ങിയ റോഡിലെ വളവിൽ വെച്ച് കാർ ഒരു ട്രക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. കാർ നല്ല വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ ഓവർടേക്ക് ചെയ്ത് മുന്നിൽ എത്തുന്നതിന് മുമ്പ് എതിർദിശയിൽ നിന്ന് ഒരു ബസ് വരുന്നത് പെട്ടെന്ന് ശ്രദ്ധയിൽപ്പെടുകയും വാഹനം ഇടതു വശത്തേക്ക് പെട്ടെന്ന് വെട്ടിത്തിരിക്കുകയുമായിരുന്നു.

നിയന്ത്രണം വിട്ട കാർ റോഡിന്റെ ഒരു വശത്തേക്ക് മറിഞ്ഞു. ഏഴ് തവണയോളം കാർ തലകീഴായി മറിഞ്ഞുവെന്നാണ് പരിസരത്തുണ്ടായിരുന്നവർ പറയുന്നത്. അപകടം നടന്ന രണ്ട് വരി പാതയിൽ ഡിവൈഡറുകൾ ഉണ്ടായിരുന്നില്ല. യാത്രക്കാർ കാറിൽ നിന്ന് പുറത്തേക്ക് തെറിച്ച് റോഡിലും പരിസരത്തും പല ഭാഗത്തായി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കാറിലുണ്ടായിരുന്ന എട്ട് പേരിൽ നാല് പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ എത്തിച്ച് മിനിറ്റുകൾക്കകം മരിച്ചു. മറ്റ് മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അപകട സാധ്യതയുള്ള വളവുകളിലും മറ്റും വാഹനങ്ങൾ വേഗത കുറച്ച് ഓടിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button