കേരളത്തിൽ പണിമുടക്ക് ബന്ദായി, മന്ത്രി ഗണേഷ് കുമാറിന്റെ വാക്ക് പാഴ് വാക്കായി, കെ.എസ്.ആർ.ടി.സി ബസുകളടക്കം ഓടിയില്ല

തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറി. കേരളത്തിൽ കെ.എസ്.ആർ.ടി.സി സർവീസുകളടക്കം സ്തംഭിച്ചു. കൊച്ചിയിലും തൃശൂരിലും കൊല്ലത്തും മലപ്പുറത്തും തിരുവനന്തപുരത്തും സമരക്കാർ ബസ് തടഞ്ഞു. ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാറിന്റെ സ്വന്തം മണ്ഡലമായ കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് ഒരു സർവീസ് പോലും നടന്നില്ല. ജോലിക്കെത്തിയ ജീവനക്കാരും സമരാനുകൂലികളും തമ്മിൽ തർക്കമുണ്ടായി. സമരാനുകൂലികൾ ബസുകൾ തടഞ്ഞു. കൊല്ലത്ത് സർവീസ് നടത്തവെ കെ.എസ്.ആർ.ടി.സി കണ്ടക്ടരെ സമരാനുകൂലികൾ മർദിച്ചെന്നും പരാതിയുണ്ട്. ബസിനുള്ളില്‍ കയറി സമരക്കാര്‍ മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നും മര്‍ദനമേറ്റ ശ്രീകാന്ത് പറഞ്ഞു. കൊല്ലം ഡിപ്പോയിൽ നിന്ന് പുറപ്പെടാനിരുന്ന മൂന്നാർ, എറണാകുളം അമൃത സർവീസുകളും സമരാനുകൂലികള്‍ തടഞ്ഞു. റിസർവേഷനിൽ യാത്രക്കാർ ഉൾപ്പടെയുള്ളവര്‍ ബസിലുണ്ടായിരുന്നു. സമരാനുകൂലികൾ കൊടികുത്തി ബസ് തടയുകയായിരുന്നു. മലപ്പുറത്ത് സിഐടിയു തൊഴിലാളികളുടെ നേതൃത്വത്തില്‍ ബസ് തടഞ്ഞു. തിരുവനന്തപുരത്ത് തമ്പാനൂർ സ്റ്റാൻഡിന് പുറത്തുനിന്ന് ചില ബസുകൾ സർവിസ് നടത്തിയിട്ടുണ്ട്. കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ലേബർ കോഡുകൾ പിൻവലിക്കുന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം.
