സംസ്ഥാനത്തെ സ്‌കൂളുകളിൽ വന്ദേമാതരം ആലപിക്കണമെന്ന് നിർദേശമില്ല

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ വന്ദേമാതരം ആലപിക്കണമെന്ന് നിർദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിലാണ് വന്ദേമാതരം പരാമർശിക്കാത്തത്. സർക്കുലറിൽ ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് നിർദേശം.

ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും ഹരിത പ്രോട്ടോക്കോൾ പാലിക്കണമെന്നും സർക്കുലറിൽ പരാമർശമുണ്ട്. ദേശീയപതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.

പ്രോട്ടോക്കോൾ ഓഫീസറുടെ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. നേരത്തെ സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു.എന്നാൽ കേന്ദ്രത്തിന്റെ നിർദേശം ചീഫ് സെക്രട്ടറി കൈമാറുക മാത്രമാണ് ചെയ്തതെന്നും സർക്കാരിന് അത്തരം നിലപാടുകളിലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ ഉൾപ്പെടെ വ്യക്തമാക്കിയിരുന്നു.

വന്ദേമാതരത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് സ്വാതന്ത്ര്യദിനത്തിൽ അറിയാമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിനും യുഡിഎഫിനും ഒരു നയമുണ്ട്. കോൺഗ്രസും ഇൻഡ്യ മുന്നണിയും ദേശീയതലത്തിലും ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇതിനുപിന്നാലെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button