ചാർജ് കുറഞ്ഞ ഒരു ജി.ബി പ്ലാൻ പിൻവലിച്ചതിൽ ജിയോയോടും എയർടെല്ലിനോടും വിശദീകരണം തേടി ട്രായ്

കൊച്ചി: സാധാരണക്കാരായ ഉപഭോക്താക്കൾ ആശ്രയിക്കുന്ന അടിസ്ഥാന ഡേറ്റ പ്ലാനുകൾ പിൻവലിച്ചതിന് റിലയൻസ് ജിയോയോടും എയർടെലിനോടും ടെലികോം വകുപ്പ് വിശദീകരണം തേടി. ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയോടും (ട്രായ്) ആവശ്യപ്പെട്ടു. ടെലികോം രംഗത്ത് ആധിപത്യമുള്ള ഈ രണ്ട് കമ്പനികളും കഴിഞ്ഞ മാസമാണ് അടിസ്ഥാന നിരക്കുകളിലുള്ള പ്രതിദിന 1 ജി.ബി പ്ലാൻ പിൻവലിച്ചത്. ജിയോ 28 ദിവസവും എയർടെൽ 24 ദിവസവും കാലാവധിയുള്ള 1 ജി.ബി പ്ലാൻ 249 രൂപക്കാണ് നൽകിയിരുന്നത്. രണ്ട് കമ്പനികളുടെയും നാലിലൊന്ന് ഉപഭോക്താക്കൾ ഈ താരിഫ് പ്ലാനാണ് ഉപയോഗിച്ചിരുന്നത്. ഇത് പിൻവലിച്ചതോടെ ഉയർന്ന നിരക്കിലുള്ള പ്ലാനുകളിലേക്ക് മാറാൻ അവർ നിർബന്ധിതരായി. ഓരോ ഉപഭോക്താവിൽനിന്നുമുള്ള ശരാശരി വരുമാനം ഉയർത്താനാണ് ഇവർ അടിസ്ഥാന പ്ലാൻ പിൻവലിച്ചതെന്നാണ് ടെലികോം രംഗത്തെ വിദഗ്ധർ പറയുന്നത്. അടിസ്ഥാന പ്ലാൻ പിൻവലിച്ചതുവഴി ജിയോക്ക് ഓരോ ഉപഭോക്താവിൽനിന്നുമുള്ള ശരാശരി വരുമാനം 11-13 രൂപയും എയർടെലിന് 10-11 രൂപയും വർധിച്ചു. വിപണി സാഹചര്യം വിലയിരുത്തിയാണ് പ്ലാനുകൾ പിൻവലിച്ചതെന്നാണ് രണ്ട് കമ്പനികളും അവകാശപ്പെടുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമിൽനിന്ന് മാത്രമാണ് അടിസ്ഥാന പ്ലാൻ പിൻവലിച്ചതെന്നും കടകളിൽ നേരിട്ട് ചെന്നാൽ ഈ പ്ലാനിൽ റീചാർജ് ചെയ്യാൻ ഇപ്പോഴും കഴിയുമെന്നാണ് ജിയോ പറയുന്നത്. അതേസമയം എയർടെൽ ഈ പ്ലാൻ പൂർണമായും പിൻവലിച്ചത് സ്ഥിരീകരിക്കുന്നുണ്ട്. പ്ലാനുകൾ തീരുമാനിക്കാൻ ടെലികോം കമ്പനികൾക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും ഉപഭോക്തൃ താൽപര്യം പരിഗണിച്ച് അതിൽ ഇടപെടാൻ ട്രായ്ക്ക് അധികാരമുണ്ട്. എന്നാൽ, റിപ്പോർട്ട് തേടുന്നതിലപ്പുറം ട്രായ് അടിയന്തര നടപടിക്ക് മുതിരില്ലെന്നാണ് വിവരം.
